ശബരിമല സ്വർണക്കൊള്ളയില്‍ റിമാൻഡില്‍ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സ്വാഭാവിക ജാമ്യം തേടിയത്. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28നാണ്.കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലുമാണ് മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യാപേക്ഷകളില്‍ ഇന്നലെ വാദം പൂർത്തിയായിരുന്നു. അനുകൂല ഉത്തരവുണ്ടായാല്‍ സ്വർണ്ണക്കൊള്ള കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂർത്തിയാകാത്തതിനാല്‍ റിമാൻഡില്‍ തുടരുകയാണ്. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
