ഗുരുവായൂർ ദേവസ്വം വിജ്ഞാപനങ്ങൾ ഹൈക്കോടതി റദ്ദാക്കി

കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിനു ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താനാവില്ലെന്നും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണു നിയമനാധികാരമെന്നും വ്യക്തമാക്കിയാണു വിജ്ഞാപനങ്ങൾ റദ്ദാക്കിയത്. നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമനത്തിലെ 19–ാം വകുപ്പിനാണു നിയമസാധുത. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്മെന്റ് ബോർഡ് നിയമം 2015ന്റെ ഒൻപതാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിജ്ഞാപനം റദ്ദാക്കിയത്.നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചു. ബോർഡ് ഇതിനകം നടത്തിയ നിയമനങ്ങൾക്കു സാധുതയുണ്ടായിരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്ലാർക്ക് ഉൾപ്പെടെ 38 തസ്തികയിലേക്കു ദേവസ്വം റിക്രൂട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങൾ റദ്ദാകും. ഈ തസ്തികകളിലേക്കുള്ള പരീക്ഷയും റിക്രൂട്മെന്റ് ബോർഡ് പൂർത്തിയാക്കിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *