ന്യൂഡൽഹി: 2025 ഡിസംബർ എട്ടിന് യുഎഇ തീരത്തിനടുത്ത് അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്ത ‘വാലിയന്റ് റോർ’എന്ന ടാങ്കറിലെ 18 നാവികർ ഒന്നര മാസത്തിലേറെയായി കടുത്ത പ്രതിസന്ധിയിൽ തുടരുന്നു. പ്രകോപനമില്ലാതെ വെടിയുതിർത്തും ക്രൂരമായി മർദ്ദിച്ചുമാണ് ഇറാൻ സേന കപ്പൽ കസ്റ്റഡിയിലെടുത്തതെന്ന് നാവികരുടെ കുടുംബങ്ങൾ ആരോപിക്കുന്നു. ഒമാൻ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇറാനിൽ നിന്നും അനധികൃതമായി എണ്ണ കടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവരെ ഇറാൻ പിടികൂടിയത്.ഇറാനിൽ നിലനിൽക്കുന്ന ആഭ്യന്തര കലാപങ്ങളും ഇന്റർനെറ്റ് വിച്ഛേദനവും മൂലം ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും എംബസിയിൽ നിന്നും കാര്യമായ സഹായം ലഭിക്കാത്തതിനെത്തുടർന്ന് കുടുംബങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി കേന്ദ്ര സർക്കാരിനോട് നിലവിലെ സ്ഥിതിവിവര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.18 ജീവനക്കാരുള്ള കപ്പൽ ഇറാൻ ഗാർഡുകൾ പിന്തുടരുന്നതായി ക്യാപ്റ്റൻ വിജയ് കുമാർ ഭയത്തോടെ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു. നാവികരുടെ കുടുംബങ്ങളുടെ മൊഴികൾ അനുസരിച്ച്, ഇറാനിയൻ നാവികസേന അനാവശ്യമായി വെടിയുതിർക്കുകയും ടാങ്കർ പിടിച്ചെടുക്കുകയും 10 ജീവനക്കാരെ കാണാതാവുകയും ചെയ്തു. കൃത്യമായ വിവരങ്ങൾ അറിയാതെ ഇവരുടെ കുടുംബങ്ങൾക്ക് ഓരോ ദിവസവും വേദനാജനകമായ കാത്തിരിപ്പായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.ഡിസംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം ദുബായ് ആസ്ഥാനമായുള്ള ഗ്ലോറി ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ഖോർ ഫക്കാൻ ലക്ഷ്യമാക്കി നീങ്ങുമ്പോഴായിരുന്നു സംഭവം. സാങ്കേതിക തകരാറ് കാരണം സഹോദര കപ്പലായ എം.ടി. കോറൽ വേവിന്റെ സമീപം നങ്കൂരമിട്ട ശേഷം ടാങ്കർ ആദ്യമായി യാത്ര തിരിച്ചതാണെന്ന് കപ്പലിലെ ക്യാപ്റ്റൻ വിജയ് കുമാറിന്റെ സഹോദരൻ ക്യാപ്റ്റൻ പര്മർ ഇന്ത്യ ടുഡേയോട് പറഞ്ഞു.16 ഇന്ത്യക്കാർക്ക് പുറമെ, ജീവനക്കാരിൽ ഒരു ശ്രീലങ്കക്കാരനും ഒരു ബംഗ്ലാദേശിയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര ജലപാതയിലായിരുന്നിട്ടും ഇറാൻ സേന ടാങ്കറിനെ പിന്തുടരുകയും വെടിയുതിർക്കുകയും ചെയ്തു. തോക്കിൻമുനയിൽ കപ്പൽ പിടിച്ചെടുത്ത സേന, 16 ഇന്ത്യക്കാരുൾപ്പെടെയുള്ള 18 ജീവനക്കാരെയും ഒരു മെസ് റൂമിൽ അടച്ചുപൂട്ടി. ഇവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ആറ് ദശലക്ഷം ലിറ്റർ ഡീസൽ കടത്തി എന്നാരോപിച്ചാണ് ഇറാൻ ടാങ്കർ പിടിച്ചെടുത്തത്. എന്നാൽ കപ്പലിൽ ഉണ്ടായിരുന്നത് ലോ സൾഫർ ഫ്യുവൽ ഓയിൽ മാത്രമാണെന്ന് ജീവനക്കാർ വ്യക്തമാക്കിയെങ്കിലും ഇറാൻ അധികൃതർ ഇത് അംഗീകരിച്ചില്ല’. ക്യാപ്റ്റൻ പര്മർ പറഞ്ഞു.‘ഡിസംബർ 8 ന് രാവിലെ ഭർത്താവുമായി സംസാരിച്ചപ്പോൾ എല്ലാം സാധാരണമായിരുന്നു. പിന്നീട്, ഏകദേശം 3 മണിക്ക്, അദ്ദേഹം വീണ്ടും വിളിക്കുകയും ഇറാനിയൻ നാവികസേന അവരുടെ കപ്പൽ പിന്തുടരുകയാണെന്ന് പറയുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ, വെടിയൊച്ച കേൾക്കാൻ കഴിഞ്ഞു, അപ്പോൾ ഫോൺ ഓഫായി’. ചീഫ് ഓഫീസർ അനിൽ സിങിന്റെ ഭാര്യ ഗായത്രി ഇന്ത്യ ടുഡേയോട് പറഞ്ഞു.ഇറാനിയൻ അധികൃതർ ഇതുവരെ ഔദ്യോഗിക ഓർഡറുകളോ പിടിച്ചെടുക്കാനുള്ള കാരണങ്ങളോ നൽകിയിട്ടില്ലെന്ന് ജീവനക്കാരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഡിസംബർ 12 ന് ഇവർ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (ഡിജിഎസ്) സമീപിച്ചു. വിഷയം പിന്നീട് വിദേശകാര്യ മന്ത്രാലയത്തിലേക്കും ടെഹ്റാനിലെ എംബസിയിലേക്കും ഉയർത്തി.ഡിസംബർ 17 നാണ് അടുത്ത ആശയവിനിമയം ഉണ്ടായത്. ടെഹ്റാനിലെ ഇന്ത്യൻ എംബസി, ബന്ദർ-ഇ-ജാസ്ക് ഉൾപ്പെടുന്ന ബന്ദർ അബാസിലെ കോൺസുലേറ്റിനെ സമീപിക്കാൻ കുടുംബങ്ങൾക്ക് നിർദ്ദേശം നൽകി. എന്നിരുന്നാലും, ആശ്വസവാർത്തയൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യൻ ജീവനക്കാരെ കോൺസുലാർ തലത്തിൽ കാണാനുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ഇറാൻ നിരസിച്ചു.ജനുവരി 6 ന് സാഹചര്യം ഭീതിജനകമായി മാറി. 18 ജീവനക്കാരിൽ 10 പേരെ മൊഴി രേഖപ്പെടുത്താൻ എന്ന വ്യാജേന കൊണ്ടുപോവുകയും പിന്നീട് ബന്ദർ അബ്ബാസ് ജയിലിൽ അടയ്ക്കുകയും ചെയ്തു. ഇവരിൽ ചീഫ് ഓഫീസർ അനിൽ സിങ്, സെക്കൻഡ് എഞ്ചിനീയർ, നിരവധി ജൂനിയർ എഞ്ചിനീയർമാർ എന്നിവരും ഉൾപ്പെടുന്നു.അന്ന് വൈകുന്നേരം, അനിൽ സിങ് ഭാര്യ ഗായത്രിയെ ഫോണിൽ ബന്ധപ്പെടുകയും ഒരു മിനിറ്റോളം സംസാരിക്കുകയും ചെയ്തു. താനും മറ്റൊമ്പത് പേരും എണ്ണക്കടത്ത് കേസുകളിൽ ജയിലിലായതായി അദ്ദേഹം ഗായത്രിയോട് പറഞ്ഞു. അതിനുശേഷം കോളുകളൊന്നും ഉണ്ടായിട്ടില്ല.കപ്പലിൽ അവശേഷിക്കുന്ന എട്ട് ജീവനക്കാരുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ക്യാപ്റ്റൻ വിജയകുമാറിന്റെ സഹോദരൻ പറഞ്ഞു. ഇറാൻ അധികൃതർ ഇവർക്ക് കുടിവെള്ളം മാത്രമാണ് നൽകുന്നതെന്നും കൈവശമുള്ള അരിയും പരിപ്പും ഉപയോഗിച്ചാണ് കഷ്ടിച്ച് ജീവൻ നിലനിർത്തുന്നത്. വരും ദിവസങ്ങളിൽ ഭക്ഷ്യശേഖരം പൂർണ്ണമായും തീരുമെന്ന ആശങ്കയിലാണ് ഇവർ.
എണ്ണക്കടത്ത് കേസിൽ കുടുക്കി’; ഇറാന്റെ പിടിയിൽ ഇന്ത്യൻനാവികർ – റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി
