ന്യൂഡൽഹി: പതിമൂന്നു വർഷമായി അബോധാവസ്ഥ(കോമ)യിൽ ജീവിക്കുന്ന ഹരീഷ് റാണെയ്ക്ക് ദയാവധം അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി അന്തിമവിധി മാറ്റിവെച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി, റാണെയുടെ കുടുംബത്തിനുവേണ്ടി അഭിഭാഷക രശ്മി നന്ദകുമാർ എന്നിവർ നടത്തിയ വാദങ്ങൾ കേട്ടു. 2013 മുതൽ വെന്റിലേറ്റർ വഴി ജീവൻ നിലനിർത്തുന്ന മുപ്പത്തിരണ്ടുകാരന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.ഡോക്ടർമാരുടെ അഭിപ്രായത്തെ മാനിക്കാതെ കുടുംബം വൈകാരികമായി ഒരു തീരുമാനം എടുത്താൽ എന്തു സംഭവിക്കുമെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. കുടുംബത്തിന്റെ സമ്മതം രേഖാമൂലം ലഭിക്കാതെ മെഡിക്കൽ ബോർഡ് വിഷയത്തിൽ ഇടപെടരുതെന്ന് ജസ്റ്റിസ് പർദിവാല നിർദ്ദേശിച്ചു. കുടുംബാംഗങ്ങൾ ജീവൻ നിലനിർത്താനുള്ള ചികിത്സ നിർത്തലാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ മെഡിക്കൽ പരിശോധനകൾ നടത്തുന്ന മെഡിക്കൽ ബോർഡുകളിൽ അംഗങ്ങളാകാൻ ഡോക്ടർമാരെ ആശുപത്രികൾ നാമനിർദ്ദേശം ചെയ്യണമെന്ന് രശ്മി നന്ദകുമാർ നിർദേശിച്ചു.
അന്തസോടെ മരിക്കണോ പ്രത്യാശയില്ലാതെ ജീവിതം നീട്ടണോ? ഹരീഷ് റാണെയുടെ ദയാവധ കേസിൽ വിധി മാറ്റിവെച്ചു
