ന്യൂഡൽഹി ∙ തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ എസ്‌ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ഉന്നയിക്കാൻ സുപ്രീം കോടതി കേരള സർക്കാരിനോടു നിർദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്തു നൽകണം. രണ്ടുദിവസത്തിനുള്ളിൽ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളാൻ തിരഞ്ഞെടുപ്പു കമ്മിഷനോടു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ചു നടക്കുന്നതുകൊണ്ട് പ്രശ്നങ്ങളില്ലെന്ന ശക്തമായ നിലപാട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ സ്വീകരിച്ചെങ്കിലും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർദേശം.നേരത്തേ സമയം നീട്ടി നൽകിയതാണെന്നും ഫോം വിതരണത്തിന്‍റെയും ഡിജിറ്റലൈസേഷന്റെയും സിംഹഭാഗവും പൂർത്തിയായെന്നും കമ്മിഷൻ വാദിച്ചു. ഉദ്യോഗസ്ഥരെ പ്രത്യേകമാണ് നിയോഗിച്ചിരിക്കുന്നതെന്നും പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതായും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. എസ്ഐആർ മാറ്റിവയ്ക്കാൻ ഉത്തരവിടണമെന്ന കേരളത്തിന്‍റെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തോടു കോടതി നേരിട്ടു പ്രതികരിച്ചില്ല. ഫലത്തിൽ, കേരളത്തിൽ എസ്ഐആർ തുടരാം. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാവകാശത്തിനായി കമ്മിഷനു ഔദ്യോഗികമായി കത്തു നൽകാനാണ് സർക്കാരിനോട് നിർദേശിച്ചത്.പുതുപ്പള്ളിയിലെ രണ്ടായിരത്തിൽപരം വീടുകൾ കയറിയിറങ്ങിയപ്പോൾ കണ്ട സാഹചര്യം വ്യത്യസ്തമായിരുന്നുവെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എസ്ഐആർ ഇപ്പോഴത്തെ നിലയിൽ തുടരാൻ അനുവദിച്ചാൽ 400–450 വോട്ടുകൾ ഒറ്റയടിക്ക് ഇല്ലാതാകുന്ന സാഹചര്യം അവിടെ മാത്രം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആറിൽ കൂടുതൽ സാവകാശത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാം’: കത്തു നൽകാമെന്ന് കേരളത്തോട് സുപ്രീം കോടതി
