തുറന്ന കോടതിയിലെ മെൻഷനിംഗ്: സുപ്രീംകോടതി പരിഷ്കാരം ഇന്നുമുതല്‍

അടിയന്തര സ്വഭാവത്തോടെ ഹർജി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകർ മെൻഷൻ ചെയ്യുന്ന രീതി ഇന്നുമുതല്‍ സുപ്രീംകോടതിയിലില്ല.അത്രയധികം അടിയന്തര സ്വഭാവമുള്ള വിഷയമാണെങ്കില്‍ മാത്രം ജൂനിയർ അഭിഭാഷകർക്ക് തുറന്ന കോടതിയില്‍ മെൻഷനിംഗ് നടത്താം. സൂര്യകാന്ത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന സുപ്രധാനമായ മാറ്റമാണിത്. അടിയന്തര പ്രാധാന്യമുള്ളതും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതും പെട്ടെന്ന് ഇടക്കാല ഉത്തരവുകള്‍ ആവശ്യവുമുള്ള ഹർജികളെത്തിയാല്‍ രണ്ടുദിവസത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യും. സാധാരണ ജാമ്യം, മുൻകൂർ ജാമ്യം, ജാമ്യം റദ്ദാക്കല്‍, വധശിക്ഷ, ഹേബിയസ് കോർപ്പസ്, കുടിയൊഴിപ്പിക്കല്‍, പൊളിച്ചു നീക്കല്‍, അടിയന്തര ഇടക്കാല ആശ്വാസം ആവശ്യപ്പെടുന്ന മറ്റ് വിഷയങ്ങള്‍ തുടങ്ങിയയ്ക്കാണ് ഈ പരിഗണന.കേരളത്തിനും നോഡല്‍ ഓഫീസർജാമ്യഹർജികളുടെ പകർപ്പ് നോഡല്‍ ഓഫീസർക്ക് നല്‍കണം. കൈമാറിയതിന്റെ രേഖ ഹാജരാക്കിയാലേ ലിസ്റ്റ് ചെയ്യൂ. കേരള സർക്കാരിന്റെ നോഡല്‍ ഓഫീസർ സർക്കാർ അഭിഭാഷകനായ ഹർഷദ് വി. ഹമീദാണ്. കോടതി സമയം കഴിഞ്ഞോ, അവധി ദിവസങ്ങളിലോ അടിയന്തരമായി കേസുകള്‍ പരിഗണിക്കാൻ വെക്കേഷൻ ഓഫീസറെ സമീപിക്കണം. ഇതിനായി നാല് ഓഫീസർമാരുടെ പേരും ഫോണ്‍ നമ്ബരും വിലാസവും സുപ്രീംകോടതി പ്രസിദ്ധീകരിച്ചു.കേസുകള്‍ മാറ്റിവയ്‌ക്കാൻ മതിയായ കാരണം വ്യക്തമാക്കി, എതിർ അഭിഭാഷകന്റെ സമ്മതം സഹിതം തലേന്ന് തന്നെ അപേക്ഷിക്കണം. അഭിഭാഷകന്റെയോ കക്ഷിയുടെയോ വിയോഗം, മെഡിക്കല്‍ കാരണങ്ങള്‍, കോടതിക്ക് സ്വീകാര്യമായ മറ്റ് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ തുടങ്ങിയവയാണെങ്കില്‍ മാത്രമേ ഇനിമുതല്‍ കേസ് മാറ്റിവയ്ക്കൂ.

Leave a Reply

Your email address will not be published. Required fields are marked *