ജാതിയോ മതമോ ഉപയോഗിച്ച്‌ വിശ്വാസത്തെ വേലികെട്ടി നിര്‍ത്താനാകില്ല; ദൈവത്തെ ആരാധിക്കുന്നതില്‍ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ജാതിയോ മതമോ ഉപയോഗിച്ച്‌ വിശ്വാസത്തെ വേലികെട്ടി നിർത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ദൈവത്തിന് വിവേചനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.മുൻവിധികൊണ്ട് ദൈവികതയെ പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കാഞ്ചീപുരത്തെ ഗ്രാമത്തില്‍ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നെള്ളിക്കാനുള്ള നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തോട് നിർദ്ദേശിച്ചുള്ള ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പരാമർശിച്ചത്. ദൈവത്തെ ആരാധിക്കുന്നതില്‍ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.കാഞ്ചീപുരം പുത്തഗ്രാം പ്രദേശത്തെ ദളിത് വിഭാഗത്തില്‍പ്പെട്ട സെല്‍വരാജ്, തൊട്ടുകൂടായ്മ നിർമാർജന സമിതി ജില്ലാ സെക്രട്ടറി ആനന്ദൻ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശങ്ങളുണ്ടായത്. ജസ്റ്റിസ് ബാലാജിയുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിശ്വാസത്തെ ഹനിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിള്‍ 14 പ്രകാരം തൊട്ടുകൂടായ്മ നിർത്തലാക്കപ്പെട്ടിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആർക്കൊക്കെയാണ് ദൈവത്തിനു മുന്നില്‍ നില്‍ക്കാനും ആരാധിക്കാനും അർഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകള്‍ നിർദേശിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.ദൈവത്തെ ആരാധിക്കുന്നതില്‍ യാതൊരു വിവേചനവും നടത്തുന്നില്ല എന്ന് ഉറപ്പാക്കാനും മുത്തുക്കാളിയമ്മൻ ക്ഷേത്രത്തില്‍ ദളിതർക്ക് എല്ലാ സൗകര്യവും ഒരുക്കാനും കാഞ്ചീപുരം ജില്ലാ ഭരണകൂടത്തോടും ദേവസ്വംവകുപ്പിനോടും കോടതി ഉത്തരവിട്ടു. രഥം ദളിത് കോളനിയിലൂടെ എഴുന്നള്ളിക്കാൻ സൗകര്യം ഒരുക്കണം. ക്ഷേത്രത്തില്‍ ദളിതർ ആരാധന നടത്തുന്നത് ഇതര ജാതിക്കാർ തടയുന്നതിനെതിരേ അഭിഭാഷകരായ കുമാരസ്വാമിയും തിരുമൂർത്തിയും ശക്തമായി എതിർത്തു.എന്നാല്‍ ഇതര ജാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കാർത്തികേയൻ രഥഘോഷയാത്രയുടെ റൂട്ട് മാറ്റാനാവില്ലെന്നും പതിറ്റാണ്ടുകളായുള്ള ആചാരംലംഘിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ‘ദൈവം ചില തെരുവുകളില്‍ മാത്രം വസിക്കുന്നില്ല. ഒരിക്കലും ആരോടും വിവേചനവും കാണിക്കുന്നില്ല. അതിനാല്‍ പാരമ്ബര്യത്തിന്റെ പവിത്രതയില്‍ ഇതിനെ പൊതിഞ്ഞു നിർത്താൻ കഴിയില്ല’- കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *