തൂക്കിക്കൊലയ്‌ക്ക് പകരം കുത്തിവയ്‌പ്പ്; കാലത്തിനനുസരിച്ച്‌ മാറുന്നില്ല, കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

തൂക്കിക്കൊലയ്‌ക്കു പകരം മരുന്നു കുത്തിവച്ച്‌ വധശിക്ഷ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം.കാലത്തിന്‌ അനുസരിച്ച്‌ മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്ന്‌ ജസ്‌റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ്‌ മേത്ത എന്നിവരടങ്ങിയ ബെഞ്ച്‌ വിമര്‍ശിച്ചു.തൂക്കിക്കൊല്ലുന്നത്‌ വളരെ പഴയ നടപടിക്രമമാണ്‌. കാലത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മാറി. അതിനനുസരിച്ചു പരിണമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരമ്ബരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്കു പകരം മാരകമായ കുത്തിവയ്‌പ്പ് നല്‍കണമെന്നും അല്ലെങ്കില്‍ കുറഞ്ഞത്‌ കുറ്റവാളികള്‍ക്ക്‌ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.ഇപ്പോഴുള്ള വധശിക്ഷാ രീതി ക്രൂരമാണെന്നും ഏറെ സമയം നീണ്ടുനില്‍ക്കുന്ന പ്രക്രിയയുമാണെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ ഋഷി മല്‍ഹോത്ര വാദിച്ചു. ഇതിനു പകരമായി മരുന്നുകള്‍ കുത്തിവച്ചുള്ള വധശിക്ഷ നടപ്പാക്കല്‍ മനുഷ്യത്വപരവും മാന്യവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കുറഞ്ഞപക്ഷം ശിക്ഷ നടപ്പാക്കേണ്ടത്‌ എങ്ങനെയെന്നു തീരുമാനിക്കാന്‍ തടവുകാരന്‌ അവസരം നല്‍കണമെന്നും അദ്ദേഹം വാദിച്ചു.വധശിക്ഷാ രീതിക്കു മാറ്റംവരുത്തണമെങ്കില്‍ നയപരമായ തീരുമാനം ആവശ്യമാണെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക സോണിയ മാത്തുര്‍ വാദിച്ചു. കേസ്‌ നവംബര്‍ 11-ലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *