കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ബാങ്ക് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാവും നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.പരാതിക്കാരനായ എറണാകുളം വൈറ്റില സ്വദേശി പി.പി. ജോർജ്, തന്റെ പിതാവായ പിവി പീറ്റർ 1989-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വൈറ്റില ശാഖയില്‍ 39,000 രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു.പിതാവ് 2022 ജൂണ്‍ മാസം മരണപ്പെട്ടു. ശേഷം അവകാശിയായ പരാതിക്കാരൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിച്ചു. എന്നാല്‍ എസ് ബി റ്റി ബാങ്ക് എസ് ബി ഐയില്‍ ലയിപ്പിച്ചപ്പോള്‍ രേഖകള്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് എസ്ബിഐ തുക നിരസിച്ചു. ഈ സാഹചര്യത്തിലാണ് മകൻ പരിഹാരം തേടി കമ്മിഷനെ സമീപിച്ചത്. പരാതിക്കാരൻ സമർപ്പിച്ച അസല്‍ ഫിക്സഡ് ഡെപ്പോസിറ്റ് റെസിപ്റ്റ്, ആധാർ കാർഡ്, ജനന രജിസ്റ്റർ രേഖ, പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവ പരാതിക്കാരൻ ഹാജരാക്കി.10 വർഷത്തിലധികം അവകാശപ്പെടാത്ത നിക്ഷേപങ്ങള്‍ ബാങ്ക് ആര്‍ബിഐക്ക് കൈമാറിയാലും, നിക്ഷേപകരുടെ അവകാശം നഷ്ടമാകില്ലെന്നും, ബാങ്കുകള്‍ തന്നെ നിക്ഷേപകർക്ക് തുക നല്‍കിയ ശേഷം ആര്‍ബിഐയില്‍ നിന്ന് റീഫണ്ട് ലഭ്യമാക്കുക എന്ന ബാദ്ധ്യതയാണ് ബാങ്കിനുള്ളത് എന്നു ആർ ബി ഐയുടെയും എസ് ബി ഐയുടെയും വിവിധ സർക്കുലറുകള്‍ പരാമർശിച്ചുകൊണ്ട് കമ്മീഷൻ വ്യക്തമാക്കി.ഒരു ഫിക്സഡ് ഡെപ്പോസിറ്റ് രേഖ വെറും അക്കൗണ്ടിംഗ് രേഖ മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ ജീവിതസമ്ബാദ്യവും വിശ്വാസവുമാണ്. ബാങ്കിന്റെ ആഭ്യന്തര വ്യവസ്ഥകള്‍ കൊണ്ട് ഉപഭോക്താവിന്റെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. അവകാശികള്‍ ഇല്ലാതെ രാജ്യത്തെ വിവിധ ബാങ്ക്കളിലായി 67,000 കോടിയോളം രൂപ നിലവിലുണ്ടെന്നും ഉത്തരവില്‍ പരാമർശിച്ചു.പരാതിക്കാരന്റെ പിതാവിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 39,000 രൂപയും ആര്‍ബിഐ/എസ്ബിഐ സർക്കുലറുകള്‍ പ്രകാരം ബാധകമായ പലിശ സഹിതം പരാതിക്കാരന് നല്‍കണം. കൂടാതെ ബാങ്കിന്റെ നടപടി മൂലം മന:ക്ലേശം, ധന നഷ്ടം എന്നിവ കണക്കാക്കി നഷ്ടപരിഹാരമായി 50000 രൂപയും കോടതി ചെലവായി 5000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് എതിർകക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. അഡ്വ.കെ.വി ജോർജ് പരാതിക്കാരന് വേണ്ടി ഹാജരായി.
‘എസ്ബിടിയില്‍ നിക്ഷേപിച്ച 39000 രൂപ, മരണ ശേഷം മകൻ ചെന്നപ്പോള്‍ കൈമലര്‍ത്തി ബാങ്ക്, പരാതിക്ക് പിന്നാലെ സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മീഷൻ
