‘ഗവര്‍ണര്‍ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ല’; സുപ്രീം കോടതിയില്‍ കേരളം

രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം പൂർത്തിയായി. ബില്ലുകളില്‍ ഗവർണർ ഹ്രസ്വ കാലത്തില്‍ തീരുമാനമെടുക്കണമെന്ന് കേരളം വ്യക്തമാക്കി.എത്രയും വേഗം, എന്നാല്‍ യുക്തിപരമായ സമയപരിധി മാത്രമെന്നും കേരളം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.ബില്ലുകളില്‍ ഗവർണർക്ക് സംശയങ്ങളുണ്ടെങ്കില്‍ പരിഹരിക്കാൻ നടപടിക്രമങ്ങളുണ്ട്. ഗവർണർ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ല. അതുകൊണ്ടാണ് ഗവർണർ എതിരാളിയായി പരിഗണിക്കപ്പെടുന്നതെന്നുമാണ് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ വാദം. അപൂർവ്വം അവസരങ്ങളില്‍ മാത്രമാണ് ഗവർണർ ചോദ്യം ഉന്നയിക്കേണ്ടതും ബില്ലുകള്‍ തടയേണ്ടതും. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഇല്ലാതാക്കുന്നതിലും അംഗീകാരം തടയുന്നതിലും ന്യായീകരണമില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്‍കിയ ശേഷം ബില്ലുകള്‍ തടഞ്ഞുവെയ്ക്കാനാവില്ല. ജനങ്ങളോട് മറുപടി നല്‍കാന്‍ ഗവർണർക്ക് ബാധ്യതയുണ്ടെന്നും കേരളം വാദിച്ചു. ബില്ലുകള്‍ റദ്ദാക്കുമ്ബോള്‍ അതിൻ്റെ കാരണം ഗവർണർ പറയണം. ഗവർണർ നിയമനിർമാണസഭയുടെ ഭാഗമാണ്. ഗവർണർ ശത്രുത മനോഭാവത്തില്‍ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.രാഷ്ട്രപതിയുടെ റഫറൻസില്‍ ഓരോ സംസ്ഥാനങ്ങളുടെയും കേസുകള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമർശനം. ഗവർണറുടെ മുൻകാല നടപടിക്രമങ്ങളെക്കുറിച്ചാണ് വിശദീകരിച്ചതെന്ന് കേരളം മറുപടി നല്‍കി. രാഷ്ട്രപതിയുടെ റഫറൻസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പഞ്ചാബിന്റെ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *