കോപ്പിയടി പിടിച്ചതിന് അഡീഷണല്‍ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർത്ഥിനികള്‍ നല്കിയ പീഡനക്കേസില്‍ പ്രതിയെ കോടതി വെറുതേവിട്ടു.തൊടുപുഴ അഡീഷണല്‍ സെഷൻസ് ജഡ്ജി ലൈജുമോള്‍ ഷെരീഫാണ് പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട പ്രൊഫസർ ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.മൂന്നാർ ഗവണ്മെന്റ് കോളേജില്‍ 2014 ഓഗസ്റ്റ് 27നും സെപ്തംബർ അഞ്ചിനും ഇടയില്‍ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷാ ഹാളില്‍ കോപ്പിയടിച്ച അഞ്ച് വിദ്യാർത്ഥിനികളെ അഡീഷണല്‍ ചീഫ് എക്സാമിനറും കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രൊഫസർ ആനന്ദ് പിടികൂടിയിരുന്നു. സംഭവം സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായതിനാല്‍ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയ്യാറായില്ല.തുടർന്ന് അഞ്ച് വിദ്യാർത്ഥിനികള്‍ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കി. നാല് വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നാർ പൊലീസ് അദ്ധ്യാപകനെതിരെ നാല് കേസെടുത്തു. ഇതില്‍ രണ്ട് കേസുകളില്‍ അദ്ധ്യാപകനെ നേരത്തേ വെറുതേവിട്ടിരുന്നു. മറ്റ് രണ്ട് കേസുകളില്‍ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഇത് ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീലിലാണ് തൊടുപുഴ അഡീഷണല്‍ സെഷൻസ് കോടതിയുടെ വിധി.പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു. പീഡനക്കേസില്‍ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിന് പ്രിൻസിപ്പള്‍ കൂട്ടുനിന്നെന്നും കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് വിശ്വനാഥന് വേണ്ടി അഭിഭാഷകരായ എസ് അശോകൻ, ഷാജി ജോസഫ്, റെജി ജി നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത്ത് സി ലാല്‍ എന്നിവർ ഹാജരായി.
കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനികള്‍ പീഡനപരാതി നല്കി; തൊടുപുഴയില്‍ അദ്ധ്യാപകനെ കോടതി വെറുതേവിട്ടു
