ന്യൂഡൽഹി : വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന് എതിരായ അന്വേഷണം സുപ്രീം കോടതി ഉപേക്ഷിച്ചതായി റിപ്പോർട്ട്. രാജ്യസഭാ സെക്രട്ടറിയറ്റിൽ നിന്ന് ലഭിച്ച കത്തിന്റ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ഉപേക്ഷിച്ചത് എന്നാണ് സൂചന.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലിങ്ങൾക്ക് എതിരെ ജസ്റ്റിസ് യാദവ് നടത്തിയ പരാമർശങ്ങൾക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ നടപടി ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന, ജസ്റ്റിസ് യാദവിന്റെ പ്രസംഗം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് റിപ്പോർട്ട് തേടിയിരുന്നു.
