കാനഡയില്‍ ഹിജാബ്,കുരിശ്, തലപ്പാവ്, ജോലിസ്ഥലത്ത് വേണ്ട; നിയമം ശരിവച്ച്‌ സുപ്രീംകോടതി

കാനഡയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവർ ജോലി സ്ഥലത്ത് മതചിഹ്നങ്ങളും മറ്റും ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്തിയുള്ള നിയമം ശരിവച്ച്‌ സുപ്രീംകോടതി.2019-ല്‍ ക്യൂബക്കില്‍ കൊണ്ടുവന്ന ബില്ലിന്റെ ഭൂരിഭാഗം വ്യവസ്ഥകളും കോടതി ശരിവച്ചു. മതസ്വാതന്ത്ര്യം, തുല്യത, ന്യൂനപക്ഷ അവകാശങ്ങള്‍ എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമത്തിനെതിരെ ഉയർന്ന വെല്ലുവിളികള്‍ തള്ളിക്കൊണ്ടാണ് സുപ്രധാന വിധി.സിഖ് തലപ്പാവ്, മുസ്ലിം ഹിജാബ്, ക്രൈസ്തവരുടെ കുരിശ് തുടങ്ങിയ മതചിഹ്നങ്ങള്‍ ധരിക്കുന്നതിനാണ് നിയമപ്രകാരം നിയന്ത്രണമുള്ളത്. പൊതുമേഖലയിലെ ചില ജീവനക്കാർക്ക് ഈ നിയന്ത്രണം ബാധകമാണ്. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ അഭിഭാഷകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, ജയില്‍ ജീവനക്കാർ തുടങ്ങിയവർക്കാണ് നിയന്ത്രണം.എന്നാല്‍ നിയമത്തിലെ ഒരു വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. ക്യൂബെക് ദേശീയ അസംബ്ലിയിലെ അംഗങ്ങള്‍ ഔദ്യോഗിക നടപടികളില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറയ്ക്കാൻ പാടില്ലെന്ന വ്യവസ്ഥ കോടതി ചോദ്യം ചെയ്തു. മതവിശ്വാസത്തിന്റെ ഭാഗമായി മുഖം മറയ്ക്കുന്ന ജനപ്രതിനിധികള്‍ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അവരുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

അന്ന് ഫ്രാൻസ്വാ ലെഗോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ക്യൂബെക് സർക്കാരാണ് 2019 ജൂണില്‍ ബില്‍ 21 അവതരിപ്പിച്ച്‌ പാസാക്കിയത്. ഭരണകൂടത്തിന്റെ മതനിരപേക്ഷത ഉറപ്പാക്കുക, ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കുന്നവർ മതപരമായ നിഷ്പക്ഷത പാലിക്കുക എന്നിവയായിരുന്നു നിയമത്തിന്റെ ലക്ഷ്യങ്ങള്‍.സർക്കാർ അധികാരം വിനിയോഗിക്കുന്നവർ ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കുമ്പോള്‍ മതവിശ്വാസം പ്രകടമാക്കുന്ന ചിഹ്നങ്ങള്‍ ധരിക്കരുതെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഭരണകൂടവും മതവും തമ്മില്‍ വ്യക്തമായ വേർതിരിവ് ഉറപ്പാക്കാൻ നിയമം സഹായിക്കുമെന്ന് അനുകൂലികള്‍ വാദിച്ചു.മതന്യൂനപക്ഷ സംഘടനകളും പൗരാവകാശ പ്രവർത്തകരും നിയമത്തിനെതിരെ രംഗത്തെത്തി. മതവിശ്വാസവും ജോലിയും തമ്മില്‍ ഒന്ന് തിരഞ്ഞെടുക്കാൻ നിയമം നിർബന്ധിക്കുന്നുവെന്നായിരുന്നു വിമർശനം. പ്രത്യേകിച്ച്‌ ഹിജാബോ തലപ്പാവോ പോലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നവർക്ക് പൊതുമേഖലയില്‍ ജോലി ചെയ്യുന്നതിന് തടസമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ക്യൂബെക്കിന്റെ മനുഷ്യാവകാശ-സ്വാതന്ത്ര്യ ചാർട്ടറിലെ സമാന വ്യവസ്ഥയും സർക്കാർ പ്രയോജനപ്പെടുത്തി. ഇതോടെ നിയമത്തിനെതിരെ ചില ഭരണഘടനാ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കുന്നതിനുള്ള സാധ്യത പരിമിതമായി.മതസ്വാതന്ത്ര്യം, മനഃസാക്ഷിയുടെ സ്വാതന്ത്ര്യം, തുല്യത തുടങ്ങിയ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിയമം ലംഘിക്കുന്നുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. മതന്യൂനപക്ഷങ്ങളെയും മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകളെയുമാണ് നിയമം കൂടുതല്‍ ബാധിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.ഹിജാബോ തലപ്പാവോ ധരിക്കുന്ന അധ്യാപകർക്ക് ജോലി ഉപേക്ഷിക്കുകയോ മറ്റിടങ്ങളിലേക്ക് മാറുകയോ മതപരമായ ആചാരങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്ന ആശങ്കയും ഉയർന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും സാമൂഹിക അസഹിഷ്ണുതയും വർധിക്കാൻ നിയമം ഇടയാക്കുമെന്നും വിമർശകർ വാദിച്ചു. തുടർന്നാണ് കേസ് ക്യൂബെക്കിലെ വിവിധ കോടതികളിലൂടെ സുപ്രീംകോടതിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *