തിരുപ്പറംകുൺട്രം; കൽത്തൂണിൽ നാളെ ദീപം തെളിയിക്കണമെന്ന് സുപ്രീം കോടതി, ടിവികെ സർക്കാരിന് രൂക്ഷവിമർശനം

ന്യൂഡൽഹി: തിരുപ്പറംകുൺട്രം കാർത്തിക ദീപം വിവാദത്തിൽ ഉത്തരവ് ലംഘിച്ചതിന് തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പറംകുൺട്രം കുന്നിന്റെ മുഴുവൻ സുരക്ഷയും സിആർപിഎഫ് ഏറ്റെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നാളെ ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നത് ഉറപ്പാക്കാണമെന്നും കോടതി നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റം തങ്ങളുടെ ഉത്തരവിന്റെ പ്രഥമദൃഷ്ട്യാ ഉള്ള പരസ്യമായ ലംഘനത്തെയാണ് കാണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലാത്തപക്ഷം അത് ഭരണഘടനാപരമായ അരാജകത്വത്തിലേക്ക് നയിച്ചേക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ പാഞ്ചോളി എന്നിവരടങ്ങിയ ഇരുജഡ്ജി ബെഞ്ച് പറഞ്ഞു.

കാർത്തിക ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യവും ഭരണകൂടത്തിന്റെ ധിക്കാരവുമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എഎസ്ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചത്.മധുര ജില്ലയിലെ തിരുപ്പറംകുൺട്രം കുന്നിൻ മുകളിലുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിന് തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥർക്കും അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുമെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത മുഴുവൻ നടപടിക്രമങ്ങളും വെളിപ്പെടുത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് പ്രധാന ഹർജിക്കാരനായ രാമ രവികുമാർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. വിഷയം മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെയോ ബന്ധപ്പെട്ട മന്ത്രിമാരുടെയോ മുന്നിൽ എത്തിയിരുന്നോ എന്നും, അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തീരുമാനങ്ങളോ നിർദേശങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദർഗയ്ക്ക് സമീപമുള്ള തർക്കസ്ഥലമായ തൂണിൽ ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ്, 2026 നവംബർ 24-ന് മധുര തിരുപ്പറംകുൺട്രം മലയിലെ ദീപത്തൂണിനു തമീപത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ ഒരുക്കിയ ദീപസ്തംഭത്തിലാണ് കാർത്തിക ദീപം തെളിയിച്ചത്. ദീപത്തൂണിൽ വിളക്ക് കത്തിക്കാതെ വൈകിട്ട് ആറുമണിയോടെ ക്ഷേത്രത്തിലെ പതിവ് സ്ഥലത്ത് ദീപം തെളിയിച്ചത്. ഉത്തരവ് ലംഘിച്ച് പഴയ രീതി തുടർന്നതാണ് വിശ്വാസികളുടെ എതിർപ്പിനും പുതിയ നിയമനടപടികൾക്കും വഴിവെച്ചത്.ഈ വർഷത്തേക്ക് മാത്രമായി ക്ഷേത്രം അധികാരപ്പെടുത്തിയ ഒരു ചെറിയ സംഘത്തിനാണ് കൽത്തൂണിൽ ചടങ്ങ് നടത്താൻ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നൽകിയത്. എന്നാൽ, തിരുപ്പറംകുൺട്രം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന സംസ്ഥാന നിയമമന്ത്രി സി.ടി.ആർ. നിർമ്മൽ കുമാറാണ് പരമ്പരാഗത സ്ഥലത്ത് ദീപം തെളിയിച്ച വിവരം അറിയിച്ചത്. തന്റെ സർക്കാരിന് ഭൂരിപക്ഷം നൽകുന്ന സഖ്യകക്ഷികളുടെ നിലപാട് കൂടി തേടിയ ശേഷമാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ കൽത്തൂണിൽ വിളക്ക് തെളിയിക്കാതിരിക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *