കൊച്ചി: എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടി മയക്കുമരുന്ന് കടത്തും ആയുധ ഇടപാടുകളും നടത്തിയെന്ന കേസില്‍ ശ്രീലങ്കന്‍ പൗരനായ മാപ്പുസാക്ഷിക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ്അസ്മിന് എന്നയാള്‍ക്ക് ജാമ്യം അനുവദിച്ച കോടതി, അദ്ദേഹത്തിന് ആവശ്യമായ സാക്ഷി സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്കി. 2022 ഡിസംബര്‍ മുതല്‍ കസ്റ്റഡിയിലായിരുന്ന അസ്മിന് 2023 ഡിസംബറിലാണ് മാപ്പുസാക്ഷിയാകാന്‍ അനുമതി ലഭിച്ചത്.ജസ്റ്റിസ് രാജ വിജയരാഘവന് വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മാപ്പ് സ്വീകരിക്കുന്നതോടെ പ്രതി എന്ന നില അവസാനിക്കുകയും പ്രോസിക്യൂഷന്റെ സാക്ഷിയായി മാറുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു. മാപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കുന്നിടത്തോളം അയാളെ പ്രതിയായി കണക്കാക്കാനാവില്ലെന്നും വിചാരണയില്‍ തെളിവ് നല്‍കേണ്ട സാക്ഷിയെന്ന നിലയിലാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.മയക്കുമരുന്ന് കടത്തിലൂടെയും അനധികൃത ആയുധ ഇടപാടുകളിലൂടെയും നിരോധിത സംഘടനയായ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ഗൂഢാലോചന നടന്നെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആരോപണം. 300 കിലോഗ്രാമിലധികം ഹെറോയിനും ആയുധങ്ങളും കടത്തിയെന്നും ഇതിലൂടെ ലഭിച്ച പണം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. മയക്കുമരുന്ന് നീക്കത്തിനും ഹവാല, ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ വഴി പണം കൈമാറുന്നതിനും അസ്മിന് സഹായിച്ചെന്നാണ് എന്‍ഐഎ ആരോപിച്ചിരുന്നത്.
2022 ഡിസംബറില്‍ അറസ്റ്റിലായ അസ്മിന് പിന്നീട് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായി. ഇതേത്തുടര്‍ന്ന് 2023 ഡിസംബറില്‍ ചെന്നൈയിലെ എന്‍ഐഎ പ്രത്യേക കോടതി ക്രിമിനല്‍ നടപടി ചട്ടത്തിലെ 307-ാം വകുപ്പ് പ്രകാരം മാപ്പ് അനുവദിച്ചു. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് കേസ് പിന്നീട് എറണാകുളത്തേക്ക് മാറ്റി. ഈ വര്‍ഷം സെപ്റ്റംബര്‍ 18ന് എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതി അസ്മിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിചാരണ അവസാനിക്കുന്നതുവരെ മാപ്പുസാക്ഷിയെ കസ്റ്റഡിയില്‍ തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 306(4)(ബി) വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) 43ഡി(7) വകുപ്പും ലഹരിമരുന്ന്-മനോപ്രവര്ത്തന വസ്തുക്കള്‍ സംബന്ധിച്ച നിയമത്തിലെ (എന്‍ഡിപിഎസ്) 37-ാം വകുപ്പും ജാമ്യം നിഷേധിക്കാന്‍ പ്രത്യേക കോടതി പരിഗണിച്ചിരുന്നു. അസ്മിന്റെ വിദേശ പൗരത്വവും അനധികൃത കുടിയേറ്റക്കാരനെന്ന നിലയും കേസിലെ പങ്കാളിത്തവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് അസ്മിന് ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതി പ്രധാനമായും ക്രിമിനല്‍ നടപടി ചട്ടത്തിലെ 306, 307 വകുപ്പുകള്‍ തമ്മിലുള്ള വ്യത്യാസമാണ് പരിശോധിച്ചത്. മജിസ്ട്രേറ്റിന് മാപ്പ് നല്കാന് അധികാരം നല്കുന്ന 306-ാം വകുപ്പിലെ വ്യവസ്ഥ പ്രകാരം മാപ്പ് സ്വീകരിക്കുന്നയാള്‍ വിചാരണ തീരുന്നതുവരെ കസ്റ്റഡിയില്‍ തുടരേണ്ടിവരും. എന്നാല്‍ സെഷന്‍സ് കോടതിക്ക് മാപ്പ് നല്കാന് അധികാരം നല്കുന്ന 307-ാം വകുപ്പില്‍ ഇത്തരമൊരു നിര്‍ബന്ധിത കസ്റ്റഡി വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്‍ഐഎ പ്രത്യേക കോടതി സെഷന്‍സ് കോടതിയുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനാല്‍ അസ്മിന് 306(4)(ബി) വകുപ്പ് പ്രകാരമുള്ള നിര്‍ബന്ധിത കസ്റ്റഡി ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.യുഎപിഎ, എന്‍ഡിപിഎസ് നിയമങ്ങളിലെ കര്‍ശന ജാമ്യവ്യവസ്ഥകള്‍ പ്രതികള്‍ക്കാണ് ബാധകമെന്നും മാപ്പ് സ്വീകരിച്ചതോടെ അസ്മിന് പ്രതിയല്ല, പ്രോസിക്യൂഷന് സാക്ഷിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാപ്പ് ലഭിക്കുകയും പ്രോസിക്യൂഷനെ സഹായിക്കാന്‍ സമ്മതിക്കുകയും ചെയ്തിട്ടും നാലുവര്‍ഷത്തോളം കസ്റ്റഡിയില്‍ തുടരേണ്ടിവന്നത് ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ജാമ്യത്തിന് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കോടതി, ബാധകമായ സാക്ഷി സംരക്ഷണ സംവിധാനത്തിന് കീഴില്‍ അസ്മിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്കി. അസ്മിന് വേണ്ടി അഭിഭാഷകന് നീരീഷ് മാത്യു ഹാജരായി. എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി ശ്രീകുമാറും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് അമല്‍ പരാശരധ്യയും ഹാജരായി.
