വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ യുവതിക്ക് 9.25 ലക്ഷം രൂപ നല്കാൻ തീരുമാനിച്ച ഒത്തുതീർപ്പ് സുപ്രീംകോടതി അംഗീകരിച്ചില്ല.കോടതികളെ സമ്മർദത്തിനും പണം തട്ടിയെടുക്കുന്നതിനുമുള്ള ഉപാധിയാക്കാൻ അനുവദിക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് നടപടി. അതേസമയം, തകർന്ന ദാമ്പത്യബന്ധം പരിഗണിച്ച് ഭരണഘടനയുടെ ആർട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ദമ്പതികള്‍ക്ക് വിവാഹമോചനവും അനുവദിച്ചു.ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ക്രിമിനല്‍ നടപടികള്‍ യുവാവിനുമേല്‍ അനാവശ്യ സമ്മർദം ചെലുത്തുന്ന രീതിയില്‍ മുന്നോട്ടുകൊണ്ടുപോയെന്നും അതിന്റെ ഫലമായാണ് സാമ്പത്തിക ഒത്തുതീർപ്പിലേക്ക് എത്തിയതെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിരീക്ഷണത്തോട് സുപ്രീംകോടതി യോജിച്ചു. ഒത്തുതീർപ്പ് പ്രകാരം നല്‍കേണ്ടിയിരുന്ന തുക ഈടാക്കാനാകില്ലെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചു.2024 ജനുവരിയിലാണ് കേസിനാസ്പദമായ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരനെ പരിചരിക്കുന്നതിനിടെ യുവാവ് സഹായവാഗ്ദാനവുമായി സമീപിച്ചെന്നും പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നുമാണ് 31കാരിയായ യുവതിയുടെ പരാതി. യുവാവിന്റെ മാതാപിതാക്കള്‍ തന്നെ കാണുകയും വിവാഹച്ചടങ്ങിന് സമാനമായ ചടങ്ങ് നടത്തുകയും ചെയ്തശേഷം ഇയാള്‍ ഉപേക്ഷിച്ചെന്നും യുവതി ആരോപിച്ചിരുന്നു.പിന്നീട് ഇരുവരും തമ്മില്‍ 9.25 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ ഒത്തുതീർപ്പിലെത്തി. ഇതില്‍ 4.5 ലക്ഷം രൂപ യുവതിക്ക് കൈമാറിയിരുന്നു. ഹിന്ദു വിവാഹനിയമത്തിലെ 13ബി വകുപ്പ് പ്രകാരം പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചന നടപടികളും ആരംഭിച്ചു. എന്നാല്‍, ക്രിമിനല്‍ കേസ് സാമ്പത്തിക സമ്മർദത്തിനുള്ള മാർഗമായി ഉപയോഗിച്ചെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ഒത്തുതീർപ്പ് റദ്ദാക്കിയത്. യുവതിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഒഴിവാക്കിയെങ്കിലും ഇത്തരം നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുവതിക്ക് കർശന മുന്നറിയിപ്പ് നല്കി.വിവാഹബന്ധം പൂർണമായും തകർന്ന സാഹചര്യത്തില്‍ കുടുംബകോടതിയിലെ തുടർനടപടികള്‍ ഒഴിവാക്കിയാണ് സുപ്രീംകോടതി വിവാഹമോചനം അനുവദിച്ചത്. സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് പ്രത്യേക അധികാരം നല്കുന്ന ഭരണഘടനയുടെ ആർട്ടിക്കിള്‍ 142 ആണ് ഇതിനായി പ്രയോഗിച്ചത്.
ലൈംഗിക ചൂഷണക്കേസിലെ 9.25 ലക്ഷം രൂപയുടെ ഒത്തുതീര്‍പ്പ് റദ്ദാക്കി സുപ്രീംകോടതി; ദമ്പതികള്‍ക്ക് വിവാഹമോചനവും
