സംരക്ഷിത സ്മാരകങ്ങൾക്ക് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ബോംബെ കോടതി. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതുപോലെ തന്നെ അവിടെയെത്തുന്ന ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതും പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ‘തുറസായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നത്’ അവസാനിപ്പിക്കുന്നതിനായുള്ള പ്രചാരണത്തിൽ കൈവരിച്ച പുരോഗതിയും കോടതി എടുത്തുപറഞ്ഞു. ഛത്രപതി സംഭാജിനഗറിന് സമീപമുള്ള ഖുൽദാബാദിലെ ‘ദർഗ ഹസ്രത്ത് സയ്യിദ് ഷാ രാജു ഖത്തൽ ഹുസൈനി’ക്ക് സമീപം ശൗചാലയ സമുച്ചയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട്, 2018-ൽ മഹാരാഷ്ട്ര പുരാവസ്തു വകുപ്പ് പുറപ്പെടുവിച്ച നിർമ്മാണ നിരോധന നോട്ടിസുകൾ കോടതി റദ്ദാക്കിയാണ് കോടതിയുടെ പുതിയ ഉത്തരവ്. ജസ്റ്റിസുമാരായ കിഷോർ സി. സാന്ത്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദർഗയിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ശുചിമുറിയില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിശേഷിച്ച് ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന വാർഷിക ഉറൂസ് സമയത്ത് ഈ ബുദ്ധിമുട്ട് രൂക്ഷമാണ്. സംരക്ഷിത സ്മാരകങ്ങളുടെ പരിസരത്ത് പൊതുജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് പൈതൃക സംരക്ഷണത്തിന് വിരുദ്ധമല്ലെന്നും, മറിച്ച് സ്മാരകങ്ങളുടെ പരിസരം വൃത്തിയായി സംരക്ഷിക്കാൻ സഹായിക്കുമെന്നുമാണ് കോടതി നിരീക്ഷണം.
ചരിത്ര സ്മാരകങ്ങള്‍ക്ക് സമീപം ശൗചാലയം നിര്‍മിക്കാം; ഉത്തരവുമായി കോടതി
