ന്യൂഡൽഹി: 135 വർഷം പഴക്കമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ (CSL) നിന്ന് പുസ്തകങ്ങൾ മാറ്റുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ തടഞ്ഞ് സുപ്രീം കോടതി. നവംബർ 20-ന് അടുത്ത വാദം കേൾക്കൽ വരെയാണ് ഈ വിലക്ക്. ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ലൈബ്രറിയിലെ പുസ്തകശേഖരത്തോട് അധികൃതർ പെരുമാറുന്ന രീതിയിൽ കോടതി ആശങ്കരേഖപ്പെടുത്തി. മതിയായ ആസൂത്രണമില്ലാതെയാണ് അധികൃതർ തീരുമാനങ്ങൾ എടുക്കുന്നതെന്ന് തോന്നുന്നതായും കോടതി നിരീക്ഷിച്ചു.ലൈബ്രറിയുടെ പൈതൃകം സംരക്ഷിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അധികൃതർ തികച്ചും ആസൂത്രണമില്ലാത്ത, താൽക്കാലികമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ നിരീക്ഷിച്ചു.സെൻട്രൽ വിസ്ത പദ്ധതിയിൽ, ഏകദേശം 8.5 ലക്ഷം പുസ്തകങ്ങളുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിക്ക് അനുവദിച്ച സ്ഥലത്തിന്റെ പരിമിതിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ ഹർജി ഫയൽ ചെയ്തിരുന്നു. ലൈബ്രറിക്കായി അനുവദിച്ച സ്ഥലത്തെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും സത്യവാങ്മൂലം സമർപ്പിക്കാൻ ഒക്ടോബർ 5-ന് കോടതി നിർദ്ദേശിക്കുകയുണ്ടായി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും, കേസ് മറ്റന്നാൾ പരിഗണിക്കാമെന്നും അറിയിച്ചു.
പുസ്തകങ്ങൾ നവംബറിനുള്ളിൽ മാറ്റാൻ അനാവശ്യമായ തിടുക്കം കാണിക്കുന്നുണ്ടെന്ന് ഇതിനിടെ അമികസ് ക്യൂറി ആയ സീനിയർ അഭിഭാഷക ഹരിപ്രിയ പത്മനാഭൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് തടയണമെന്നും അവർ അഭ്യർത്ഥിച്ചു. നിർദ്ദിഷ്ട സ്ഥലത്ത് എത്രത്തോളം ഇടം ലഭ്യമാണെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്നും അവർ പറഞ്ഞു. ‘നിലവിൽ പുസ്തക ഷെൽഫുകൾക്കായി എത്ര സ്ഥലം ഉപയോഗിക്കുന്നുണ്ടെന്നും, പുതിയ സ്ഥലത്ത് എത്ര സ്ഥലം ഉപയോഗിക്കുമെന്നും വേർതിരിച്ച് കാണിച്ച്, അവ തമ്മിലുള്ള താരതമ്യം നൽകാൻ അവർ തയ്യാറാകണം.’ അമികസ് ക്യൂറി പറഞ്ഞു.കഴിഞ്ഞ 15 വർഷമായി പുസ്തകങ്ങൾ ദയനീയമായ അവസ്ഥയിലാണ് ആർ.കെ.പുരത്ത് ഉള്ളത്. താൻ ആ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുസ്തകങ്ങൾ മാറ്റുന്നതിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയോട് ചോദിച്ചു.’ഇത് ഒഴിവാക്കാൻ നിങ്ങൾക്ക് വലിയ തിടുക്കമാണ്. ഈ പുസ്തകങ്ങൾ വെച്ച് നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? ഇവിടെ ഒരു കൃത്യമായ പദ്ധതിയോ സമീപനമോ ഇല്ലാത്തതുപോലെയാണ് തോന്നുന്നത്. നിങ്ങൾക്ക് ഇതിലൊന്നും യാതൊരു താല്പര്യവുമില്ല…, ഇത് ഒരു പൈതൃകമാണ്. അടിസ്ഥാനപരമായി 1702 മുതൽ ഉള്ള നമ്മുടെ ഒരു പൈതൃകം. നിങ്ങൾക്ക് ഇവ വേണ്ടെങ്കിൽ, ഇവയെ വിലമതിക്കുന്ന വേറെ ഏതെങ്കിലും രാജ്യത്തിന് നൽകൂ… ഈ പുസ്തകങ്ങളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ, രണ്ട് ലക്ഷം പുസ്തകങ്ങളാണ് ഇങ്ങനെ അനാഥമായി കിടക്കുന്നത്’ ജസ്റ്റിസ് സഞ്ജയ് കുമാർ പറഞ്ഞു. വാദപ്രതിവാദങ്ങൾക്കുശേഷം, അടുത്ത വാദം കേൾക്കുന്നതുവരെ പുസ്തകങ്ങൾ മാറ്റരുതെന്ന് കോടതി ഉത്തരവിട്ടു.
