റദ്ദാക്കിയ വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റിന് റീഫണ്ട് നിഷേധിച്ച സംഭവത്തില്‍ റെയില്‍വേക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി.യാത്രക്കാരന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്കാന് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. ബിജോയ് തോംസണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18നാണ് ബിജോയ് തോംസണ്‍ തിരൂരില്‍ നിന്ന് കൊല്ലത്തേക്ക് വന്ദേഭാരത് എക്സ്പ്രസില്‍ കുടുംബാംഗങ്ങള്‍ക്കായി മൂന്ന് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. എന്നാല്‍, ഇതില്‍ ഒരു ടിക്കറ്റ് മാത്രമേ കണ്‍ഫേം ആയുള്ളൂ. രണ്ടു ടിക്കറ്റുകള്‍ വെയിറ്റിങ് ലിസ്റ്റിലായി. ഇതുകാരണം കുടുംബം യാത്ര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ടിക്കറ്റിനായി നല്കിയ തുക തിരികെ ലഭിക്കാനായി ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് തന്നെ ബിജോയ് ടിക്കറ്റ് ഡെപോസിറ്റ് റെസീപ്റ്റ് വഴി (ടിഡിആര്‍) അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈ ടിക്കറ്റുകളിലെ രണ്ട് പേര് വന്ദേഭാരതില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ റീഫണ്ട് നിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് ബിജോയ് ഐആര്‍സിടിസി പോര്‍ട്ടല്‍ വഴി പരാതി നല്‍കിയെങ്കിലും റെയില്‍വേയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇതോടെയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഇതോടെ ദക്ഷിണ റെയില്‍വേയോട് 10,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിടുകയായിരുന്നു. 5,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നല്‍കാനാണ് നിര്‍ദേശം. ഉത്തരവ് ലഭിച്ച് 45 ദിവസത്തിനകം തുക നല്‍കണം. അല്ലാത്തപക്ഷം നഷ്ടപരിഹാരത്തുകയ്ക്ക് ഒമ്പത് ശതമാനം പലിശയും നല്‍കേണ്ടിവരും.ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ ടിന്റു മേരി ജോര്‍ജ്, ലൂക്ക് ജോയ് തോംസണ്‍ എന്നിവര്‍ യാത്ര ചെയ്തതായാണ് റീഫണ്ട് നിഷേധിക്കാനായി റെയില്‍വേ വാദിച്ചത്. എന്നാല്‍ ഈ വാദം തെളിയിക്കുന്ന രേഖകളൊന്നും റെയില്‍വേ ഹാജരാക്കിയില്ല. കുടുംബം മറ്റൊരു ട്രെയിനായ നേത്രാവതി എക്സ്പ്രസിലാണ് യാത്ര ചെയ്തതെന്ന് ബിജോ അറിയിച്ചു. ഈ യാത്രയുടെ ടിക്കറ്റ് ബിജോയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പോലും, വന്ദേഭാരതില്‍ ഇവര്‍ യാത്ര ചെയ്തെന്ന് തെളിയിക്കാനാകില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.ബിജോയിയുടെ പരാതിക്ക് പിന്നാലെ നേരത്തെ, 2025 മേയ് 16ന് റെയില്‍വേ 3,375 രൂപ റീഫണ്ട് അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് ഈ തുക അക്കൗണ്ടിലെത്തിയത്. എന്നാല്‍ യാത്രക്കാര്‍ ട്രെയിനില്‍ കയറിയെന്ന് ആദ്യം വാദിച്ച് റീഫണ്ട് നിഷേധിച്ച റെയില്‍വേ പിന്നീട് എങ്ങനെ റീഫണ്ട് അനുവദിച്ചു എന്നതിനും അധികൃതര്‍ക്ക് വിശദീകരണം നല്‍കാനായില്ല. യാത്രക്കാരുടെ പരാതി പരിഗണിക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തിയെന്നും തെളിവില്ലാതെ റീഫണ്ട് നിഷേധിച്ചെന്നും കണ്ടെത്തിയാണ് ഉപഭോക്തൃ കോടതി നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
വന്ദേഭാരതില്‍ കയറാത്തയാള്‍ യാത്ര ചെയ്തെന്ന് റെയില്‍വേ; റീഫണ്ട് നിഷേധിച്ചതിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
