ചടയമംഗലം നിലമേലില്‍ 13കാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പോലീസ് പിടിയില്‍. മുളകോണം ചരുവിള വീട്ടില്‍ രാജേഷ് (44) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്.കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പോലീസ് നടപടി.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിക്കുന്നയാളും കൂലിപ്പണിക്കാരനുമായ രാജേഷ് കുട്ടിയെ പതിവായി മർദിച്ചിരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ കുട്ടിയുടെ വസ്ത്രത്തില്‍ പിടിച്ച് ഉയർത്തിയ ശേഷം ഇയാള്‍ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്തിരുന്നു.രണ്ടാനച്ഛൻ കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മയാണ് മൊബൈല്‍ ഫോണില്‍ പകർത്തിയത്. കുട്ടിയെ നിരന്തരം മർദിക്കുന്നത് പതിവായതിനെ തുടർന്നാണ് ദൃശ്യങ്ങള്‍ പകർത്തിയതെന്നും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്നുമാണ് വിവരം. കുട്ടിയുടെ നിലവിളിയും മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ ശ്രദ്ധ നേടി.മർദനത്തില്‍ കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൊല്ലം റൂറല്‍ എസ്.പിയും ചൈല്‍ഡ് ലൈൻ അധികൃതരും സംയുക്തമായി അന്വേഷണം നടത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കുട്ടിക്ക് ചൈല്‍ഡ് ലൈൻ കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
13കാരനെ വസ്ത്രത്തില്‍ പിടിച്ചുയര്‍ത്തി ക്രൂരമര്‍ദനം; ചടയമംഗലത്ത് രണ്ടാനച്ഛൻ അറസ്റ്റില്‍, റിമാൻഡ് ചെയ്തു
