ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.തിരുവന്തപുരം ജെഎഫ്സിഎം കോടതിയുടെതാണ് നടപടി.ഒന്നാം പ്രതി നിതിൻ രാജ്, പതിനാറാം പ്രതി ഐ.പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ പ്രതികള്‍ പങ്കെടുത്തത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറാണ് ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതികള്‍ രണ്ട് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അധികാരപരിധി ലംഘിച്ച് പൊലീസ് സ്റ്റേഷനുകളുടെ ഭാഗമായ സ്ഥലങ്ങളില്‍ എത്തിയെന്നും സാക്ഷികളെയോ സാക്ഷികളെ സ്വാധീക്കാൻ പറ്റുന്നവരുമായോ അടുത്ത ബന്ധം ഉണ്ടെന്ന് ബോധ്യപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങളാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.പൊലീസ് സ്റ്റേഷനില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാൻ എത്തിയ പ്രതികളെ കൂടുതല്‍ നേരം അവിടെ തുടരാൻ അനുവദിച്ചതാണ് പ്രധാന വീഴ്ചയായി കമ്മീഷണറുടെ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചത്. ഒപ്പിട്ട ശേഷം പ്രതികളെ വേഗത്തില്‍ തന്നെ സ്റ്റേഷനില്‍ നിന്ന് മാറ്റേണ്ടതായിരുന്നു. എന്നാല്‍, ഇതിന് വിപരീതമായി പ്രതികളെ സ്റ്റേഷനില്‍ തുടരാൻ അനുവദിക്കുകയും അവർ അവിടെ ഒരുക്കിയിരുന്ന ഊഞ്ഞാലാടാനും ചെണ്ടകൊട്ടാനും ഉള്‍പ്പെടെയുള്ള ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുകയായിരുന്നു. പ്രതികളെ സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്യാനോ പറഞ്ഞുവിടാനോ ഉള്ള യാതൊരു നടപടിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സംഭവ സമയത്ത് എസ്എച്ച്ഒ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ജിഡി ചാർജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും കാവല്‍ ചുമതലയുണ്ടായിരുന്നവർക്കുമാണ് പ്രധാനമായും വീഴ്ച സംഭവിച്ചതെന്നായിരുന്നു കണ്ടെത്തല്‍.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം തള്ളി കോടതി
