കൊൽക്കത്ത: ജഡ്ജിമാർക്ക് രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയോട് വിശദീകരണം തേടി കൊൽക്കത്ത ഹൈകോടതി. ബി.ജെ.പിയെ അനുകൂലിക്കുന്ന ജഡ്ജിമാരും തൃണമൂൽ കോൺഗ്രസിനെ അനുകൂലിക്കുന്ന ജഡ്ജിമാരും ആരൊക്കെയാണെന്ന് വ്യക്തമാക്കുന്ന പട്ടിക നൽകണമെന്ന് അഭിഷേക് ബാനർജിയോട് കോടതി ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ റാവുവാണ് ഇത് സംബന്ധിച്ച നിരീക്ഷണം നടത്തിയത്.
അഭിഷേക് ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരായ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ അഭിഷേക് ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്.നവംബർ ഏഴിന് നടത്തിയ പ്രസംഗത്തിൽ അഭിഷേക് ബാനർജി കോടതിക്കും ജുഡീഷ്യറിക്കുമെതിരെ വിമർശനം ഉന്നയിച്ചിരുന്നു. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതിയിൽ ഭാഗികമായി മാത്രമാണ് പരിഗണിച്ചതെന്നും കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നപ്പോൾ നടപടികൾ പൂർത്തിയാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതോടൊപ്പം ബി.ജെ.പിയുടെ സമ്മർദം മൂലമാകാം കേസ് നീട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
ജുഡീഷ്യറിയിലെ ഒരു വിഭാഗം നിശ്ശബ്ദ കാഴ്ചക്കാരുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേസുകൾ തീർപ്പാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് ബംഗാളിൽ അക്രമങ്ങൾ നടത്തുന്നവർക്ക് ധൈര്യം നൽകുകയാണെന്നും അഭിഷേക് പറഞ്ഞിരുന്നു. സത്യം പറഞ്ഞതിന്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അഭിഷേകിന്റെ പരാമർശത്തിൽ മുതിർന്ന അഭിഭാഷകൻ ബിൽവദൽ ഭട്ടാചാര്യയാണ് കോടതിയെ സമീപിച്ചത്. അഭിഷേക് നടത്തിയ പ്രസ്താവനയുടെ ദൃശ്യങ്ങളും മറ്റും അദ്ദേഹം കോടതിയിൽ സമർപ്പിച്ചിരുന്നു. ഒരു ജഡ്ജിയുടെ പേര് പരാമർശിച്ച് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് അഭിഷേക് ചെയ്തതെന്നും ഇത് ക്രിമിനൽ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം വാദിച്ചു. സംഭവത്തിൽ കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു
ഇതിനിടെയാണ് അഭിഷേകിന്റെ അഭിഭാഷകനോട് രാഷ്ട്രീയ ചായ്വുള്ള ജഡ്ജിമാരുടെ പട്ടിക നൽകാൻ കോടതി ആവശ്യപ്പെട്ടത്. ബി.ജെ.പിയുമായി ബന്ധമുള്ള ജഡ്ജിമാരും തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള ജഡ്ജിമാരും ആരൊക്കെയാണെന്ന് തന്റെ കക്ഷിയോട് ചോദിച്ച് മനസ്സിലാക്കണമെന്നും ഈ പട്ടിക നൽകിയാൽ കോടതി പരിശോധിക്കാമെന്നും കോടതി അറിയിച്ചു.അതേസമയം, അഭിഷേക് ബാനർജിയുടെ പരാമർശങ്ങൾക്ക് നിലവിൽ നൽകിയ സുരക്ഷാ ഹരജിയുമായി ബന്ധമില്ലെന്നാണ് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷൊയ്ബ് ആലം വാദിച്ചത്. വീടിനുനേരെയുണ്ടായ ആക്രമണവും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുമാണ് അഭിഷേക് പ്രകടിപ്പിച്ചതെന്നും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തിൽനിന്ന് കോടതി ശ്രദ്ധ തിരിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിഷേകിന്റെ പരാമർശങ്ങൾ നിരാശയിൽനിന്നുണ്ടായ പ്രതികരണമാണെന്നും അഭിഭാഷകൻ വിശദീകരിച്ചു.എന്നാൽ, അഭിഷേക് ഒരു സാധാരണ വ്യക്തിയല്ലെന്നും ജനപ്രതിനിധിയാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. നേരത്തെയുണ്ടായ കോടതി നടപടികളിൽ അതൃപ്തിയുണ്ടെങ്കിൽ മറ്റൊരു ബെഞ്ചിനെ സമീപിക്കാനുള്ള നിയമപരമായ വഴികൾ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഈ പരാമർശം സുരക്ഷയുമായി ബന്ധപ്പെട്ട ഹരജിയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയിൽ എല്ലാ വശങ്ങളും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
