ന്യൂഡൽഹി: ഇന്ത്യൻ വിവാഹനിയമം അംഗീകരിക്കാത്ത വ്യവസ്ഥകൾ പ്രകാരം വിദേശ കോടതി അനുവദിക്കുന്ന വിവാഹമോചനത്തിന് രാജ്യത്ത് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരമൊരു വിവാഹമോചന ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടാം വിവാഹം കഴിച്ചയാൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. ഹിന്ദു വിവാഹനിയമത്തിൽ വിവാഹമോചനത്തിനുള്ള അംഗീകൃത കാരണമല്ലാത്ത ‘വിവാഹബന്ധത്തിന്റെ പരിഹരിക്കാനാകാത്ത തകർച്ച’ ചൂണ്ടിക്കാട്ടിയാണ് യു.കെ കോടതി വിവാഹമോചനം അനുവദിച്ചത്.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. യു.കെ കോടതി 2014 ജനുവരി 29-ന് വിവാഹമോചന ഉത്തരവ് അന്തിമമാക്കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് യു.കെയിൽ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, ഭർത്താവും ആദ്യഭാര്യയും വിവാഹിതരായിരുന്നത് ഹിന്ദു നിയമപ്രകാരമായതിനാൽ ആ നിയമത്തിൽ അംഗീകരിച്ചിട്ടില്ലാത്ത കാരണത്തിന്റെ അടിസ്ഥാനത്തിലുള്ള വിദേശ കോടതി ഉത്തരവിന് ഇന്ത്യയിൽ സ്വാഭാവികമായി അംഗീകാരം നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദേശ കോടതി അനുവദിച്ച വിവാഹമോചന ഉത്തരവ് ഇന്ത്യയിൽ അംഗീകരിക്കപ്പെടണമെങ്കിൽ അത് രാജ്യത്തെ നിലവിലുള്ള വിവാഹനിയമങ്ങൾക്ക് വിരുദ്ധമാകരുതെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിലെ നിലവിലുള്ള വിവാഹനിയമങ്ങൾക്ക് വിരുദ്ധമായും നിയമപരമായി അംഗീകരിക്കാത്ത കാരണത്തിന്റെ അടിസ്ഥാനത്തിലുമാണ് വിദേശ കോടതി വിവാഹമോചനം അനുവദിച്ചതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഭർത്താവിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
