വോട്ടര്‍ പട്ടികയിലെ പേര് വെട്ടല്‍: തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; 6 ഗോവക്കാരുടെ പേരുകള്‍ തിരികെ ചേര്‍ക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

എസ് ഐ ആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ട ഗോവയിലെ കുടുംബത്തിലെ 6 പേരുടെ പേരുകള്‍ തിരികെ ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിലെ ജസ്റ്റിസുമാരായ വാല്‍മീകി മെനെസെസ്, അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധിയും നിർണായക നിരീക്ഷണങ്ങളും.നോർത്ത് ഗോവയിലെ സാന്താക്രൂസ് അസംബ്ലി മണ്ഡലത്തിലെ പരേഷ് വസന്ത് സാല്‍ഗോങ്കറും കുടുംബത്തിലെ മറ്റ് 5 അംഗങ്ങളുമാണ് കോടതിയെ സമീപിച്ചത്. മണ്ഡലത്തിനുള്ളില്‍ തന്നെ പുതിയ വിലാസത്തിലേക്ക് മാറിയതിനെ തുടർന്ന് ബൂത്ത് ലെവല്‍ ഓഫീസറുടെ നിർദേശപ്രകാരം വിലാസം മാറ്റുന്നതിനായി ഇവർ ‘ഫോം 8’ അപേക്ഷകള്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ കരട് വോട്ടർ പട്ടിക പുറത്തുവന്നപ്പോള്‍ ഇവരുടെ പേരുകള്‍ ഒഴിവാക്കപ്പെടുകയായിരുന്നു.വോട്ടർ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇനി ‘ഫോം 6’ വഴി പുതിയ വോട്ടർമാരായി അപേക്ഷിക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. എന്നാല്‍ നിലവിലുള്ള വോട്ടർമാർ പുതിയ വോട്ടർമാരായി അപേക്ഷിക്കുന്നത് തെറ്റായ പ്രഖ്യാപനത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹർജി നല്‍കുകയായിരുന്നു. കമ്മീഷന്റെ സോഫ്റ്റ്‌വെയർ തകരാറുകളോ സാങ്കേതിക തടസ്സങ്ങളോ കാരണം പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.അഭ്യർത്ഥിച്ച പുതിയ വിലാസം പരിശോധിച്ച്‌ 10 ദിവസത്തിനകം 6 പേരുടെയും പേരുകള്‍ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്താൻ കോടതി കമ്മീഷനോട് നിർദേശിച്ചു. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനായി വിധി സ്റ്റേ ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *