കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷൻ; ഇടപെടാതെ സുപ്രിംകോടതി

ഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി. സസ്പെൻഷൻ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹർജികളിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സിംഗിൾ ബെഞ്ചിന് സുപ്രീംകോടതി നിർദേശം നൽകി.ഹൈക്കോടതിയുടെ തീരുമാനത്തിന് അനുസൃതമായി തുടർനടപടികൾ സ്വീകരിക്കാമെന്ന് സർവകലാശാല കോടതിയെ അറിയിച്ചു. വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായാൽ അവർക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്നും സർവകലാശാല വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിർദേശത്തിൽ വിദ്യാർഥികൾ സന്തോഷം പ്രകടിപ്പിച്ചു.ഓഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. രണ്ട് മാസം പിന്നിട്ടിട്ടും സസ്പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ നിയമനടപടിയുമായി മുന്നോട്ടുപോയത്. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ പത്ത് പേർക്കാണ് നിലവിൽ പരീക്ഷ എഴുതാനുള്ളത്. മാപ്പെഴുതി നൽകിയാൽ 12 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സർവകലാശാല സിൻഡിക്കേറ്റിന്റെ മുൻ തീരുമാനം. സുപ്രീംകോടതി കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് വിട്ടതോടെ വിദ്യാർഥികളുടെ ഹർജികളിലെ തുടർനടപടികൾ ഇനി സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *