ട്രെയിൻ യാത്രക്കാർക്ക് ബെര്‍ത്തില്‍ കിടന്ന് ഉറങ്ങാനുള്ള സമയം നിയന്ത്രിച്ച ഇന്ത്യന്‍ റെയില്‍വേയുടെ സര്‍ക്കുലര്‍ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാവിലെ ആറ് മണിക്ക് ശേഷം യാത്രക്കാർ ബെർത്തുകളിൽ ഉറങ്ങാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ആറ് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് യാത്രക്കാർക്ക് ബെർത്തുകളിൽ കിടന്നുറങ്ങാൻ അവകാശമില്ലെന്ന റെയിൽവേ മാനുവലിലെ വ്യവസ്ഥ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് കോടതിയുടെ നടപടി.ചെന്നൈ കെ.കെ. നഗർ സ്വദേശിയായ എസ്. ബാലസുബ്രഹ്മണ്യമാണ് അപ്പീൽ നൽകിയത്. ഫെബ്രുവരി 11-ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു ഹർജി. സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണ് താനെന്നും ഒരിക്കൽ രോഗിയായ ഭാര്യയുമായി യാത്ര ചെയ്തപ്പോൾ രാവിലെ ആറ് മണിക്ക് ശേഷം ബെർത്തിൽ ഉറങ്ങാൻ അനുവദിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. രോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കുലറില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതിക്കാരന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കില്‍ ട്രെയിനിലെ ജീവനക്കാരെയോ ആര്‍പിഎഫിനെയോ അല്ലെങ്കില്‍ അടുത്ത സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.എല്ലാ യാത്രക്കാർക്കും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന്റെ രോഗിയായ ഭാര്യയ്ക്ക് അധികസമയം ഉറങ്ങാൻ അനുമതി നൽകാതിരുന്ന സംഭവം ചൂണ്ടിക്കാട്ടി പൊതുതാൽപര്യം മുൻനിർത്തിയുള്ള ചട്ടം റദ്ദാക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
രാവിലെ ആറ് മണിക്ക് ശേഷം ട്രെയിൻ ബെർത്തുകളിൽ ഉറങ്ങാൻ പാടില്ല : മദ്രാസ് ഹൈക്കോടതി
