മ്യാൻമര്‍ ആയുധപരിശീലന കേസ്: യുഎസ് പൗരൻ മാത്യു വാൻഡൈക്കിന് ഇന്ത്യയ്ക്ക് പുറത്തു തുടരാനുള്ള അനുമതി നീട്ടി ഡല്‍ഹി കോടതി

മ്യാൻമറിലെ വംശീയ സായുധ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ യുഎസ് പൗരൻ മാത്യു വാൻഡൈക്ക് ഉള്‍പ്പെടെ ഏഴുപേർക്ക് ഇന്ത്യയ്ക്ക് പുറത്തു തുടരാനുള്ള അനുമതി അടുത്ത വർഷം ഫെബ്രുവരി 24 വരെ ഡല്‍ഹി കോടതി നീട്ടി.ആറ് യുക്രെയ്ൻ പൗരന്മാർക്കൊപ്പമാണ് വാൻഡൈക്കിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മാർച്ചില്‍ അറസ്റ്റ് ചെയ്തത്. കേസിലെ വിവിധ വശങ്ങളില്‍ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം ആവശ്യമാണെന്ന് എൻഐഎ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് നടപടി.ഒരു മാസത്തേക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി ലഭിച്ച വാൻഡൈക്ക് വെള്ളിയാഴ്ച കോടതി നടപടികള്‍ക്കായി ഇന്ത്യയില്‍ തിരിച്ചെത്തി. എന്നാല്‍, ആറ് യുക്രെയ്ൻ പൗരന്മാരും ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ 72 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവില്‍ വാൻഡൈക്കിനോട് നിർദേശിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് വാൻഡൈക്കിനും ആറ് യുക്രെയ്ൻ പൗരന്മാർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കോടതി അനുമതി നല്‍കിയത്.നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) കർശന വ്യവസ്ഥകള്‍ പ്രകാരമായിരുന്നു ഏഴുപേരുടെയും അറസ്റ്റ്. എന്നാല്‍, സെപ്റ്റംബറില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍നിന്ന് എൻഐഎ ഈ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കി. കുടിയേറ്റ, വിദേശി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ മാത്രമാണ് ഏഴുപേർക്കുമെതിരെ എൻഐഎ കുറ്റപത്രത്തില്‍ ചുമത്തിയത്. പിഴയടച്ച്‌ ഒത്തുതീർപ്പാക്കാവുന്ന കുറ്റങ്ങളാണിവ. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് തുക വാൻഡൈക്ക് അടച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം കോടതി അദ്ദേഹത്തിന് ഡിഫോള്‍ട്ട് ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *