ന്യൂഡൽഹി: ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറയ്ക്ക് ഡൽഹി പൊലീസ് നൽകിയ നോട്ടീസിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദിൻ്റെ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ദസറ അവധിക്കാലമായതിനാൽ കോടതി അടച്ചിട്ടിരിക്കുകയാണെങ്കിലും ഹർജിക്കാരുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് അടിയന്തരമായി കേസ് ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചത്.ഡൽഹി പൊലീസിൻ്റെ നോട്ടീസ് പ്രഥമദൃഷ്ട്യാ വസ്തുതാവിരുദ്ധവും അവ്യക്തവുമാണെന്ന് നേഹ ബോറ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരൻ്റെ മൗലികാവകാശത്തെ ഇല്ലാതാക്കാനും സർക്കാരിനോടുള്ള വിയോജിപ്പുകളെ അടിച്ചമർത്താനുമുള്ള ആസൂത്രിത നീക്കമാണ് പൊലീസ് നടത്തുന്നതെന്നും അവർ ആരോപിച്ചു. ഒക്ടോബർ 18നാണ് ഡൽഹി പൊലീസ് ബോറയ്ക്ക് നോട്ടീസ് നൽകിയത്. തുടർന്ന് ഒക്ടോബർ 19ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ആൾജാമ്യവും ഹാജരാക്കണമെന്ന് കാണിച്ചാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 126 പ്രകാരം ഡൽഹി പൊലീസ് നേഹയ്ക്ക് നോട്ടീസ് നൽകിയത്. പുതിയ ക്രിമിനൽ നിയമപ്രകാരം പൊലീസ് സ്വീകരിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണെന്നാണ് വിദ്യാർഥി സംഘടനകളുടെ പ്രധാന ആരോപണം.കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച ലെഹ്റ ദോ തിരംഗ മാർച്ചിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഒക്ടോബർ 16ന് ഡൽഹി പൊലീസ് നേഹ ബോറയെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. പിന്നീട് ഒക്ടോബർ 17ന് ഇവരെ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെയെയും ബിഎൻഎസ്എസ് സെക്ഷൻ 126, 170 വകുപ്പുകൾ പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വച്ചത്. സമാധാന ലംഘനം നടത്തിയെന്ന സംശയം ചൂണ്ടിക്കാട്ടിയായിരുന്നു ഡൽഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് 50,000 രൂപയുടെ സമാധാന ബോണ്ട് ഒപ്പുവച്ച ശേഷം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. ഒരു വർഷത്തേക്ക് സമാധാനം നിലനിർത്തുമെന്ന കർശന വ്യവസ്ഥയിന്മേലാണ് അഭിജീത് ദിപ്കെയെ വിട്ടയച്ചത്.
Related Posts
പാൻ കാർഡ് ഉൾപ്പെടെ പൗരത്വം തെളിയിക്കാനായി സമർപ്പിച്ച 16 രേഖകളും തള്ളി ഗ്വാഹട്ടി ഹൈക്കോടതി
- law-point
- July 3, 2026
- 0
ഗ്വാഹട്ടി: ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനായി സമർപ്പിച്ച 16 രേഖകളും തള്ളി ഗ്വാഹട്ടി ഹൈക്കോടതി. […]
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ
- law-point
- February 22, 2026
- 0
തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ […]
എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രധാന ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- law-point
- December 24, 2025
- 0
ഡൽഹി: എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രധാന ഇടപെടലുമായി ഡൽഹി […]
