സി.എം.ആർ.എല്‍-എക്സാലോജിക് മാസപ്പടി കരാർ വിവാദത്തിലെ വിജിലൻസ് എഫ്.ഐ.ആർ. റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി.കേസില്‍ പ്രതിചേർക്കപ്പെട്ട പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ടി. ഉള്‍പ്പെടെയുള്ളവരാണ് ഉത്തരവ് ഹൈക്കോടതി രജിസ്ട്രിയില്‍ സമർപ്പിച്ചത്. വിജിലൻസ് അന്വേഷണം പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് അടിയന്തര നടപടി. ഉത്തരവ് ഹാജരാക്കിയതോടെ അപ്പീലിന് നമ്പർ നല്കി പരിഗണിക്കാനുള്ള വഴിയൊരുങ്ങിയിട്ടുണ്ട്.കേസില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ അനുമതി തേടി സമീപിച്ചപ്പോള്‍ ഡിവിഷൻ ബെഞ്ചില്‍ നിന്ന് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം. ഈ വരുന്ന ശനിയാഴ്ച (ഒക്ടോബർ 24) ഹൈക്കോടതി പ്രവർത്തി ദിവസമായതിനാല്‍, സുപ്രീം കോടതി അഭിഭാഷകരുടെ താല്‍പ്പര്യം കൂടി പരിഗണിച്ച് അപ്പീല്‍ ശനിയാഴ്ച തന്നെ ഡിവിഷൻ ബെഞ്ച് പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.നാളെ (ഒക്ടോബർ 22) വൈകീട്ടോടെ ഹൈക്കോടതി അപ്പീല്‍ പരിഗണനാപ്പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എൻ. നടരാജൻ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീല്‍ വരാൻ സാധ്യത കുറവാണ്. ജസ്റ്റിസ് നടരാജൻ ഈ ദിവസങ്ങളില്‍ അവധിയിലായതിനാലും, നവംബർ ആദ്യവാരം അദ്ദേഹം വിരമിക്കാനിരിക്കുന്നതിനാലും മറ്റൊരു പുതിയ ഡിവിഷൻ ബെഞ്ചായിരിക്കും അപ്പീല്‍ പരിഗണിക്കുക.
സി.എം.ആര്.എല്‍-എക്സാലോജിക് കേസ്: വിജിലൻസ് അന്വേഷണ സ്റ്റേ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി, അപ്പീല്‍ ശനിയാഴ്ച പരിഗണിച്ചേക്കും
