ചെന്നൈ: നവരാത്രി ആഘോഷവേളകളിൽ സിനിമാ ഗാനങ്ങൾ അവതരിപ്പിക്കുകയും അതിനനുസരിച്ച് നൃത്തം ചെയ്യുന്നതുമായ സാഹചര്യം ഉണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം. ഭാരത് ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറി കെ ദില്ലി ബാബു മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നവരാത്രി ആഘോഷങ്ങൾക്കായി പൊലീസ് നൽകിയ അനുമതിയിലെ നിബന്ധനകൾ ലംഘിക്കപ്പെടുന്നതായി കണ്ടാൽ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വാദം കേട്ടതിന് ശേഷം നവരാത്രി ആഘോഷവേളയിൽ സിനിമാ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.നവരാത്രി തിന്മക്കെതിരായ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ആരാധനാപരമായ ഉത്സവമാണെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഈ വേളയിൽ മൂന്ന് പ്രധാന ദേവിമാരുടെ കഥകൾ പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറപ്പെടുന്നുണ്ടെന്നും ദില്ലി ബാബു ഹർജിയിൽ ചൂണ്ടിക്കാട്ടി.എന്നാൽ സാംസ്കാരിക അധപതനമെന്ന നിലയിൽ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെന്നൈയിലെ സ്വാകാര്യ ഹോട്ടലുകളിൽ നവരാത്രി പൂജകൾ ആഘോഷിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ചെന്നൈ റോയോപേട്ടയിലുള്ള എക്സ്പ്രസ് അവന്യൂ മാളിൽ ഗുജറാത്തിൽ നിന്നുള്ള ഒരു കമ്പനി ദുർഗാ ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ സിനിമാ ഗാനങ്ങളുടെ അകമ്പടിയോടെ നൃത്ത പരാപാടികൾ സംഘടിപ്പിച്ചിരുന്നു.ഇത്തവണയും സിനിമാ ഗാനങ്ങൾ ഉൾപ്പെടുത്തിയ പരിപാടി നടത്താൻ ഈ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. നവരാത്രി ആഘോഷവേളയിൽ ഇംഗ്ലീഷ് ഹിപ്- ഹോപ്പ് ഗാനങ്ങളും ബോളിവുഡ് ഗാനങ്ങളുമാണ് ഇവിടെ പ്ലേ ചെയ്യുന്നത്. കൂടാതെ, പരിപാടിക്ക് എത്തുന്ന യുവാക്കൾ മദ്യം കൊണ്ടുവരുന്നത് അവിടെയെത്തുന്ന മറ്റ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും മതപരമായ പവിത്രതയെ ബാധിക്കുന്നതുമാണ്. അതുകൊണ്ട് ഈ പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.തന്നെയുമല്ല ഹിന്ദു ധർമത്തിന് വിരുദ്ധമായാണ് പരിപാടി നടക്കുന്നതെങ്കിൽ നൽകിയിട്ടുള്ള അനുമതി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 12 ന് ഇത് സംബന്ധിച്ച് തമിഴ്നാട് സർക്കാരിനും പൊലീസിനും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഗർബ, ദാന്ദിയ നൃത്തങ്ങൾ നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണെങ്കിലും ഇവിടെ ഉപയോഗിക്കുന്ന ഗാനങ്ങളുടെ സ്വഭാവവും മദ്യവിതരണവും അനുവദിക്കാനാവില്ല. അതിനാൽ പൊലീസ് നൽകിയ അനുമതി റദ്ദാക്കണം എന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വി ലക്ഷ്മി നാരായണന് മുൻപാകെ ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ റിച്ചാർഡ് വിൽസൺ വാദിച്ചു.
നവരാത്രി ഭക്തിപരമായ ആചാരം; ആഘോഷങ്ങളിൽ സിനിമാ ഗാനങ്ങൾ അവതരിപ്പിച്ചാൽ നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
