ചെന്നൈ: തമിഴ്നാട്ടിൽ 128 കേന്ദ്രങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഒക്ടോബർ 25, നവംബർ 1 തീയതികളിൽ പരിപാടികൾ നടത്താനാണ് അനുമതി. റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കാൻ നേരത്തേ കോടതികൾ തള്ളിക്കളഞ്ഞ കാരണങ്ങൾ തന്നെ പോലീസ് വീണ്ടും ഉന്നയിച്ചതിനെ ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ രൂക്ഷമായി വിമർശിച്ചു. ഇതോടെ റൂട്ട് മാർച്ചുകൾക്ക് അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിനും പോലീസിനും കോടതിയിൽ തിരിച്ചടിയായി.ആർഎസ്എസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ അനുമതി തേടിയെങ്കിലും പോലീസ് അപേക്ഷകൾ നിരസിക്കുകയായിരുന്നു. ഒക്ടോബർ 18, 25, നവംബർ 1 തീയതികളാണ് സംഘടന മുന്നോട്ടുവച്ചിരുന്നത്. തുടർന്നാണ് ആർഎസ്എസ് കോടതിയെ സമീപിച്ചത്.മസ്ജിദുകളും പള്ളികളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ റൂട്ട് മാർച്ചിന്റെ വഴിയിലുണ്ടെന്നത്, ഗതാഗതക്കുരുക്കിനുള്ള സാധ്യത, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ മുൻകാല കോടതി ഉത്തരവുകളിൽ ഇത്തരം കാരണങ്ങൾ പരിഗണിച്ചിട്ടുള്ളതാണെന്നും അവ വീണ്ടും ഉന്നയിച്ച് അനുമതി തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
