രാജ്യം വിടണമെന്ന ഉത്തരവിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിലേക്ക്

രാജ്യം വിടണമെന്ന നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഇമ്രാൻ ഖാൻ. ഓവർസീസ് സിറ്റിസണ്‍ കാർഡും അമേരിക്കൻ പൗരത്വവുമുള്ള ഇമ്രാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത്, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ്.ഇമ്രാന് വേണ്ടി പ്രമുഖ അഭിഭാഷകൻ സുല്‍ഫിക്കർ മേമൻ ഹൈക്കോടതിയില്‍ ഹർജി നല്‍കും.ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകണമെന്നാണ് എഫ്‌ആർആർഒ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടത്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കൊക്രോച്ച്‌ ജനതാ പാർട്ടി മുംബൈയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടർന്ന് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. യുഎസ് പൌരത്വമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തില്‍ പങ്കെടുത്തത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പൊലീസ് ഈ പരാതി എഫ്‌ആർആർഒ യ്ക്ക് കൈമാറുകയും തുടർന്ന് രാജ്യം വിടാൻ നോട്ടീസ് നല്‍കുകയുമായിരുന്നു. ഇമ്രാൻ ഖാന്റെ പക്കല്‍ ഒസിഐ കാർഡ് ഉണ്ടെങ്കിലും അദ്ദേഹത്തിന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കാൻ അനുമതിയില്ലെന്നാണ് എഫ്‌ആർആർഒ യുടെ വാദം. വിദേശികളുടെ പ്രവേശനം, താമസം, സഞ്ചാരം എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നല്‍കുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ട് 2025-ലെ സെക്ഷൻ 7 പ്രകാരമാണ് ഈ നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *