ഡല്ഹി കൊണോട്ട് പ്ലേസ് സെന്ട്രല് പാര്ക്കില് സിജെപി നാളെ നടത്തുന്ന സമരം തടയാന് വിസമ്മതിച്ച് ഹൈക്കോടതി. അഭിജീത് ദീപ്കെ പ്രഖ്യാപിച്ച സിജെപി സമരം തടയണം എന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്സവ സീസണില് സമരം കാരണം കച്ചവടം മുടങ്ങുന്നത് വലിയ നഷ്ടമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജി.എന്നാല് ഒക്ടോബര് 16ന് നടക്കുന്ന സമരം തടയാന് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാനം ഉറപ്പ് വരുത്തുമെന്നും സിജെപിയുടെ പ്രവര്ത്തനം നിയന്ത്രിക്കുമെന്നും ഡല്ഹി പോലീസ് കോടതിയെ അറിയിച്ചു. ഈ ഉറപ്പ് സ്വീകരിച്ച ശേഷമാണ് കോടതി സമരം തടയേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിന് വസുദേവ് സാംബ്രി, ജസ്റ്റിസ് സഞ്ജയ് ശര്മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് തീരുമാനം.സിജെപിയുടെ പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചിട്ടുണ്ടെന്ന് അഡീഷണല് സോളിസിറ്റര് ജനറല് ചേതന് ശര്മ കോടതിയെ അറിയിച്ചു. പരാതിക്കാരന്റെ ആശങ്ക പരിഹരിക്കുമെന്നും വ്യക്തമാക്കി. സിജെപിയുടെ സമരം തടയാന് പ്രത്യേക നിര്ദേശം നല്കണം എന്ന പരാതിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രത്യേക നിര്ദേശത്തിന്റെ ആവശ്യമില്ലെന്നും ഉത്തരവ് ഇറക്കിയതാണെന്നും കോടതി വ്യക്തമാക്കി.
സിജെപി സമരം നാളെ; തടയാന് സാധിക്കില്ലെന്ന് ഡല്ഹി ഹൈക്കോടതി, നിയന്ത്രിക്കുമെന്ന് പോലീസ്
