ന്യൂഡല്ഹി: ഡൽഹിയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവ് ലംഘിച്ചുവെന്ന കോടതിയലക്ഷ്യ നോട്ടീസിൽ ഉപാധികളില്ലാത്ത മാപ്പ് അപേക്ഷിച്ച് കേന്ദ്രം. ഒക്ടോബർ 9ലെ കോടതി ഉത്തരവ് മനഃപൂർവം ലംഘിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ഡൽഹിയിൽ സമാധാന അന്തരീക്ഷം നിലനിർത്താനും ക്രമസമാധാന ലംഘനങ്ങൾ ഒഴിവാക്കാനുമാണ് ഒക്ടോബർ 9ന് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. ആവശ്യമായ അനുമതികളില്ലാതെ നടത്താൻ തീരുമാനിച്ച പ്രതിഷേധവും, ജൂലൈ 20ലെ നീറ്റ് ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധത്തിൽ ഡൽഹി പൊലീസിനുണ്ടായ അനുഭവങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകള് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നത്. ഇതിനെ തടയിടാനാണ് കേന്ദ്രം നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയത്.ഡൽഹിയിലെ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സേവനങ്ങൾ പൂർണ്ണമായി നിരോധിക്കാതെ ആവശ്യമായ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്താനാണ് ഒക്ടോബർ 9ലെ ഉത്തരവിലൂടെ സുപ്രിംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നത്. എന്നാല് മെട്രോ, റെയിൽ, റോഡുകൾ തുടങ്ങിയവ പൂർണമായും അടച്ചിടുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. ഒക്ടോബർ 9 ലെ കോടതി ഉത്തരവ് മനപ്പൂർവ്വം ലംഘിച്ചുവെന്നും ഹരജിയിൽ പറഞ്ഞിരുന്നു. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതി അലക്ഷ്യ ഹർജി സമർപ്പിച്ചിരുന്നത്.
