കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിലെ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി. വിഷയം മെറിറ്റ്അടിസ്ഥാനത്തിൽ വീണ്ടും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.അതേസമയം, ഇതിനകം പ്രവേശനം നേടിയ 28 ആൺകുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ നിലവിലെ സ്ഥിതി തുടരാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പുനഃപരിശോധനയിൽ തീരുമാനമുണ്ടാകുന്നതുവരെ അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പ്രവേശനം നേടിയ ആൺകുട്ടികൾക്ക് സ്കൂളിൽ പഠനം തുടരാം.ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം. സമീപത്തെ സ്കൂളുകളുടെ പ്രവേശനത്തെ ബാധിക്കുമെന്ന വാദവുമായി രണ്ട് സ്കൂൾ മാനേജർമാർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.
സമീപത്തെ സ്കൂളുകളെ കക്ഷികളാക്കാതെയും അവരുടെ വാദം കേൾക്കാതെയുമാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.പെൺകുട്ടികൾക്കു മാത്രമായിരുന്ന സ്കൂളിനെ സഹവിദ്യാഭ്യാസ സ്ഥാപനമാക്കാനുള്ള നീക്കം സമീപത്തെ സ്കൂളുകളിലേക്കുള്ള വിദ്യാർഥി പ്രവേശനത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം.
