ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല’; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിനെത്തിയപ്പോള്‍ കരുതല്‍ അറസ്റ്റിലായ സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിട്ടയച്ചു. ഇന്നലെ അറസ്റ്റിലായ മൂവരെയും ഞായറാഴ്ച രാവിലെ ഡല്‍ഹി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷത്തേക്ക് ക്രമസമാധാനം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന നിബന്ധനയോടെയാണ് കോടതി മൂവരെയും മോചിപ്പിച്ചത്.

ഒരു വര്‍ഷത്തേക്ക് ‘സമാധാനം ലംഘിക്കരുത്’ എന്ന വ്യവസ്ഥയിലാണ് മൂന്നു നേതാക്കളെയും വിട്ടയച്ചതെന്ന് സിജെപി നിയമകാര്യ മേധാവി രത്‌ന സിങ് അറിയിച്ചു. ശനിയാഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കായി എത്തിയ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.ബിഎന്‍എസ്എസ് സെക്ഷന്‍ 126 (സമാധാനം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷ), 170 (കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അറസ്റ്റ്) എന്നിവയാണ് സിജെപി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നത്. ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങളില്‍ 7000 ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. കരുതല്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ധ്രു റാഠിയെയും രാവിലെ പൊലീസ് വീട്ടയച്ചിരുന്നു.അതിനിടെ, സിജെപി ഇന്നും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡല്‍ഹി നഗരത്തില്‍ 30,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. കൂടാതെ ആര്‍എഎഫ് അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. അക്ബര്‍ റോഡ്, ജനപഥ് മാര്‍ഗ് തുടങ്ങിയ പ്രധാന പാതകളില്‍ സുരക്ഷ ശക്തമാക്കി. കടുത്ത പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങളെയും ആളുകളെയും കടത്തിവിടുന്നത്. ജന്തര്‍ മന്തറിലേക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *