ന്യൂഡല്‍ഹി: ഊട്ടോളി രാമന്‍റെ സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് വീഴ്‌ച വരുത്തിയ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം.സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള നാട്ടാനയാണ് രാമന്‍. ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ജൂണില്‍ ആനയുടെ സംരക്ഷണം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു.ഈ മാസം പന്ത്രണ്ടിന് മുമ്പ് ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വൈദ്യപരിശോധന റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ആനയുടെ ക്ഷേമം ഉറപ്പാക്കാന്‍ എന്ത് നടപടി കൈക്കൊണ്ടു എന്നതിനെ ചൊല്ലിയുള്ള വിവരങ്ങള്‍ എന്ത് കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും ഷീല്‍ നാഗുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. കോടതിയെ എന്തിനാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നു ചോദിച്ചു.എന്നാല്‍ ആനയുടെ സംരക്ഷകനായ കൃഷ്‌ണന്‍കുട്ടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കാലതാമസം നേരിട്ടതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് മൂലമാണ് ഇത്തരമൊരു കാലതാമസമുണ്ടായതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.അതേസമയം ഇത് വളരെ അതഭുതകരമായ ഒരു വാദമാണെന്നായിരുന്നു ദീപാങ്കര്‍ ദത്തയുടെ പ്രതികരണം എപ്പോഴാണ് ഏറ്റെടുക്കല്‍ നടന്നതെന്ന കാര്യവും സത്യവാങ്മൂലത്തില്‍ ഇല്ലെന്ന് കോടതി പറഞ്ഞു. ആനയെ വ്യവസായികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപണമുയര്‍ന്ന മുന്‍ സംരക്ഷകന്‍ ആനയെ തൊടാന്‍ പോലും സമ്മതിക്കരുതെന്ന് കോടതി ഉത്തരവിട്ടു
പണത്തോടുള്ള സ്‌നേഹമാകരുത് ആനയോടുള്ള സ്‌നേഹത്തിന് അടിത്തറയെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നതാണ്. കൃഷ്‌ണ്‍കുട്ടി വാണിജ്യപരമായി ആനയെ ചൂഷണം ചെയ്‌തെന്നും കോടതി നിരീക്ഷിച്ചു. ആനയെ ക്ഷേത്രാവശ്യങ്ങള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ച കൃഷ്‌ണന്‍കുട്ടി കോടതിയലക്ഷ്യം നടത്തിയെന്നും ചൂണ്ടിക്കാട്ടി.പിന്നീടാണ് ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് ശേഷം ആനയെ വൈദ്യപരിശോധന നടത്തിയില്ലേ എന്നും കോടതി ആരാഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഈ മാസം പന്ത്രണ്ടിനകം സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.ആനയുടെ ഉടമസ്ഥത സംബന്ധിച്ച് ദീര്‍ഘകാലമായി തര്‍ക്കം നടക്കുകയാണ്. മാതാ അമൃതാനന്ദമയീ മഠത്തിന്‍റെ ആനയെ സംരക്ഷിക്കാനായാണ് കൃഷ്‌ണന്‍കുട്ടിക്ക് നല്‍കിയത്. എന്നാല്‍ ആനയെ തനിക്ക് സമ്മാനിച്ചതാണെന്നും അതിന് രേഖകളുണ്ടെന്നുമാണ് കൃഷ്‌ണന്‍കുട്ടിയുടെ വാദം. 2017 ഫെബ്രുവരിയിലാണ് ആനയെ തനിക്ക് സമ്മാനിച്ചതെന്നും ഇയാള്‍ പറയുന്നു.ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് സംസ്ഥാന സര്‍ക്കാര്‍ ആനയെ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
