അബ്കാരി കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നല്കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.കല്‍പ്പറ്റ സെഷൻസ് കോടതിയുടേതാണ് നടപടി. എക്സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. അതേസമയം, കേസില്‍ പ്രതി ചേർക്കുകയാണെങ്കില്‍ ലില്ലിക്ക് നോട്ടീസ് നല്കിയതിനുശേഷമേ അറസ്റ്റ് നടപടികളിലേയ്ക്ക് കടക്കാൻ പാടുള്ളുവെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ലില്ലിയെ കേസില്‍ പ്രതി ചേർത്തിട്ടില്ലെന്നാണ് എക്സൈസ് അറിയിച്ചിട്ടുള്ളത്.വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അളവില്‍ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ ആന്റോ അഗസ്റ്റിൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. 43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുള്‍പ്പെടെയാണ് ആന്റോയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ നിയമപ്രകാരം ഒരാള്‍ക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടില്‍ സൂക്ഷിക്കാൻ അനുവാദമുള്ളത്.തറവാട് വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുല്‍ത്താൻ ബത്തേരി കോടതിയില്‍ വ്യക്തമാക്കിയത്. ജപ്തിയിലായ വീട് ലേലത്തില്‍ പിടിച്ചത് ലില്ലിയാണെന്നും ആന്റോ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നായിരുന്നു ആന്റോയുടെ വാദം. താൻ മദ്യം കുടിക്കാറില്ലെന്നും വീടും വസ്തുവും സർഫാസി ആക്ട് പ്രകാരം വില്പനയിലേക്ക് പോയതാണെന്നും ആന്റോ വാദിച്ചിരുന്നു.
ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന് മുൻകൂര്‍ ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
