ന്യൂഡൽഹി: പ്രായപൂർത്തിയായ മകന്റെ പ്രവൃത്തികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിച്ചില്ലെന്ന കാരണത്താൽ മാത്രം ഒരു ഭർതൃപിതാവിനെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിൽ ഇടപെട്ട് നടപടിയെടുക്കാൻ ഭർതൃപിതാവ് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് മധു ജെയിൻ ഉത്തരവിറക്കിയത്.
കീഴ്ക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നൽകിയ അപ്പീൽ നിരസിച്ച കോടതി, ഗാർഹിക ബന്ധം നിലനിൽക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാൾക്കെതിരെ ഗാർഹിക പീഡന നിയമത്തിലെ വ്യവസ്ഥകൾ ചുമത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി.ശാരീരികമോ മാനസികമോ ആയ ഉപദ്രവം, വാക്കാലുള്ളതോ സാമ്പത്തികമോ ആയ ചൂഷണം എന്നിവയാണ് ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 3 പ്രകാരം കുറ്റകരമാകുന്നത്. എന്നാൽ, ഈ കേസിൽ ഭർത്താവിന്റെ വശത്തുനിന്നുണ്ടായ കുടുംബജീവിതത്തിലെ അച്ചടക്കലംഘനത്തിൽ ഭർതൃപിതാവിന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ കോടതി, മുതിർന്ന മകന്റെ പ്രവൃത്തികൾക്ക് പിതാവിനെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചു.ഹർജിക്കാരിയും ഭർതൃപിതാവും തമ്മിൽ ഒരു ബിസിനസ് പങ്കാളിത്തം കൂടി നിലനിൽക്കുന്നുണ്ടെന്ന വസ്തുത പരിശോധിച്ച കോടതി, വാണിജ്യപരമായ തർക്കങ്ങൾ സെക്ഷൻ 3-ന്റെ പരിധിയിൽ വരുന്നതാണെങ്കിലും നിയമപരമായി സംരക്ഷിക്കപ്പെട്ട ഏതെങ്കിലും വിഭവം തനിക്ക് നിഷേധിക്കപ്പെട്ടതായി തെളിയിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി.
ഭർതൃപിതാവിൽ നിന്ന് ഗാർഹിക പീഡന ഭീഷണിയുണ്ടായതായി കാണിക്കാൻ തക്കതായ വസ്തുതകളൊന്നും ഹർജിയിലില്ല. ‘അപമാനിച്ചു’, ‘ബഹളം വെച്ചു’, ‘അധിക്ഷേപിച്ചു’ തുടങ്ങിയ വാക്കുകൾ വെറും നിഗമനങ്ങൾ മാത്രമാണെന്നും അവയുടെ പിന്നിലെ കൃത്യമായ പശ്ചാത്തലവും വസ്തുതകളും വ്യക്തമാക്കാതെ സെക്ഷൻ 3 പ്രകാരമുള്ള വാക്കാലുള്ളതോ മാനസികമായതോ ആയ പീഡനമായി കണക്കാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
