രാജ്യത്തെ 9% വിദ്യാർഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീം കോടതി ടാസ്‌ക് ഫോഴ്‌സ് സർവേ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളിൽ പത്തില്‍ ഒരാള്‍ വീതം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആത്മഹത്യാ ചിന്തകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് സുപ്രീം കോടതി ടാസ്‌ക് ഫോഴ്‌സ് സര്‍വേയില്‍ കണ്ടെത്തല്‍. 2.43 ലക്ഷത്തിലധികം വിദ്യാർഥികളിൽനിന്ന് ശേഖരിച്ച പ്രതികരണങ്ങളിൽ 9 ശതമാനം പേരാണ് തങ്ങൾക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.34 ശതമാനം പേര്‍ക്ക് ക്യാംപസില്‍ ഒരു പരിധിവരെ തങ്ങള്‍ പുറന്തള്ളപ്പെട്ടതായുള്ള തോന്നല്‍ ഉണ്ടായെന്നും വ്യക്തമാക്കി. സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനത്തോളം പേർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു. സർവേയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് പിടിഐയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ കടുത്ത മാനസിക സമ്മർദ്ദവും വിഷമവും അനുഭവപ്പെട്ടതായും, ആഴ്ചകളോളം തുടർച്ചയായി വിഷാദവും ഉത്കണ്ഠയും നേരിട്ടതായും ഏകദേശം 15 ശതമാനം വിദ്യാർഥികൾ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സർവേയിൽ പരാമർശമുണ്ട്. ഗുരുതരമായ പ്രശ്‌നങ്ങൾ ഭരണാധികാരികൾ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് 56 ശതമാനം വിദ്യാർഥികളും അനുകൂലമായാണ് പ്രതികരിച്ചത്.അതേസമയം, തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസലിങ് സേവനങ്ങൾ ലഭ്യമല്ലെന്ന് 32 ശതമാനം വിദ്യാർഥികൾ അറിയിച്ചു. എന്നാല്‍ ഈ സര്‍വ്വേ മൊത്തം വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കാത്തതിനാല്‍ കണ്ടെത്തലുകളെ പ്രാഥമിക വിവരങ്ങളായി മാത്രം കണക്കാക്കിയാല്‍ മതിയെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *