ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന തുടർച്ചയായ ലൈംഗികാതിക്രമങ്ങളില്‍ 2012-ലെ നിർഭയ സംഭവത്തെ വേദനയോടെ അനുസ്മരിച്ച് സുപ്രീം കോടതി.തലസ്ഥാന മേഖലയില്‍ അടുത്തിടെ റിപ്പോർട്ട് ചെയ്ത ക്രൂരമായ പീഡനക്കേസുകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഗ്രേറ്റർ നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഓടുന്ന സ്ലീപ്പർ ബസിനുള്ളില്‍ വെച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം 2012-ലെ നിർഭയ ദുരന്തത്തിന് സമാനമായ വേദനയുണർത്തുന്നതാണെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഡല്‍ഹി സ്വരൂപ് നഗറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച സംഭവവും ഓടുന്ന ബസിലെ പീഡനവുമടക്കം മാധ്യമങ്ങളില്‍ വന്ന വാർത്തകള്‍ പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടല്‍. യാത്രക്കിടയില്‍ വാഹനം തടയാൻ പോലും പൊലീസിന് സാധിച്ചില്ലെന്നത് ഞെട്ടിക്കുന്ന വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർഭയ സംഭവത്തിന് ശേഷം രാജ്യത്തെ വ്യവസ്ഥാപിത നിയമപാലന സംവിധാനങ്ങള്‍ക്ക് അർത്ഥവത്തായ എന്തെങ്കിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാതലായ ചോദ്യമാണ് ഈ സംഭവങ്ങള്‍ വീണ്ടും ഉയർത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. അടിസ്ഥാനപരമായ പൊതുസുരക്ഷ ഉറപ്പാക്കുന്നതില്‍ നിയമപാലകരും ഭരണസംവിധാനങ്ങളും നേരിട്ട സമ്പൂർണ്ണ പരാജയമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.
ഡല്‍ഹിയിലെ ബലാത്സംഗ പരമ്പരകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
