ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

ദേശീയപതാകയെ അപമാനിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യം ഇല്ലാതെ അബദ്ധവശാൽ പതാക തലകീഴായി പിടിക്കുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ഹൈക്കോടതി. ദേശീയ അഭിമാനത്തെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള കുറ്റം ചുമത്തണമെങ്കിൽ ഒരാൾ ബോധപൂർവ്വം പതാകയെ അവഹേളിക്കുകഎന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നും കോടതി വ്യക്തമാക്കി. മനഃപൂർവ്വമല്ലാതെ അബദ്ധത്തിലോ അറിയാതെയോ ഉണ്ടാകുന്ന പിഴവുകൾ കുറ്റകൃത്യമായി കാണാനാവില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ, ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് കാസിം എച്ച്.കെയ്‌ക്കെതിരെ കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസും തുടർനടപടികളും റദ്ദാക്കി.

2022 ഓഗസ്റ്റിൽ നടന്ന ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട്ടെ വസതിയിൽ വെച്ച് മുഹമ്മദ് കാസിമും ഭാര്യയും ദേശീയപതാകയേന്തി ഫോട്ടോ എടുത്തിരുന്നു. എന്നാൽ പതാകയുടെ കാവി നിറം താഴെ വരുന്ന രീതിയിൽ അബദ്ധത്തിൽ തലകീഴായി പിടിച്ച നിലയിലായിരുന്നു ചിത്രം. ഈ ചിത്രം ലക്ഷദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെട്ട ഒരു സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെക്കപ്പെടുകയും തുടർന്ന് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് കവരത്തി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും ദേശീയ അഭിമാനത്തെ അപമാനിക്കൽ നിയമപ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ലക്ഷദ്വീപ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസിം ഹൈക്കോടതിയെ സമീപിച്ചത്.

ഒരു സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രം എങ്ങനെ പരസ്യമായി അപമാനിച്ചതിന്റെ പരിധിയിൽ വരുമെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളി. വാട്‌സാപ്പ് ഗ്രൂപ്പ് സ്വകാര്യമാണെങ്കിലും അതിൽ ഒട്ടേറെ അംഗങ്ങൾ ഉള്ളതിനാൽ അത് നിയമത്തിലെ ‘പൊതുസ്ഥലത്തോ പൊതുജനമധ്യത്തിലോ’ എന്ന നിർവ്വചനത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ കേസിലെ സുപ്രധാനമായ ‘ഉദ്ദേശ്യം’ പരിശോധിച്ച കോടതി, പതാകയെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല കാസിം പ്രവർത്തിച്ചതെന്ന് വിലയിരുത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പോലും ഹർജിക്കാരൻ പതാകയെ മനഃപൂർവ്വം അപമാനിച്ചതായി ആരോപിക്കുന്നില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *