വ്യക്തത വരുത്തി സുപ്രീം കോടതി: ദുആ, ആമീൻ ചൊല്ലൽ; മതത്തിന്റെ പേരിലുള്ള വോട്ടുതേടലല്ല

ന്യൂഡൽഹി ∙ സ്ഥാനാർഥിയുടെ പേരിൽ ദുആ നടത്തുന്നതും വിശ്വാസികൾ ആമീൻ ചൊല്ലുന്നതും മതത്തിന്റെ പേരിലുള്ള വോട്ടുതേടലാകില്ലെന്നു സുപ്രീം കോടതി.മഹാരാഷ്ട്രയിലെ മാലെഗാവ് സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ എഐഎംഐഎം(ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) സ്ഥാനാർഥി മുഫ്തി മുഹമ്മദ് ഇസ്മായിൽ അബ്ദുൽ ഖാലിഖിന്റെ തിരഞ്ഞെടുപ്പുജയം ശരിവച്ചുകൊണ്ടാണ് പരാമർശം. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർസ്ഥാനാർഥി നിഹാൽ അഹമ്മദ് നൽകിയ അപ്പീലാണു തള്ളിയത്.

ആമീൻ എന്നു പ്രതികരിച്ചത് മുഫ്തി മുഹമ്മദ് ഇസ്മായിലിന് വോട്ടുചെയ്യാനുള്ള പ്രതിജ്ഞയായി കണക്കാക്കണമെന്നായിരുന്നു വാദം. മുഫ്തി ഇസ്മായിൽ മാലെഗാവ് ജമാ മസ്ജിദിലെ ഇമാം കൂടിയായിരുന്നു. ഹർജി നേരത്തേ ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു. മതത്തിന്റെ പേരിൽ വോട്ട് തേടിയെന്നും ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണിതെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്. മണ്ഡലത്തിൽ 162 വോട്ടുകൾക്കാണ് മുഫ്തി മുഹമ്മദ് ഇസ്മായിൽ ജയിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ പ്രസംഗം, മതസംഘടനകളുടെ പിന്തുണ തുടങ്ങിയവ ഉൾപ്പെടെ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഇവയും കോടതി പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *