ആന്റോ അഗസ്റ്റിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ; രണ്ട് കേസുകളിലും ഇന്ന് നിര്‍ണായക ദിവസം

മുഖ്യമന്ത്രിക്കെതിരായ വ്യാജവിവാഹരേഖാ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.കോണ്‍ഗ്രസ് നേതാവ് രാജു പി. നായർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ആന്റോ മുൻകൂർ ജാമ്യം തേടിയത്. കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആന്റോയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരന്റെ മൊഴിയും പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.അതേസമയം, മെസ്സിയെയും അർജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലും ഇന്ന് കോടതി ഉത്തരവ് പ്രതീക്ഷിക്കുന്നു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്നലെ വാദം പൂർത്തിയാക്കിയെങ്കിലും പ്രതിഭാഗം സമർപ്പിച്ച രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രേഖകളില്‍ പ്രോസിക്യൂഷന് എതിർപ്പുണ്ടെങ്കില്‍ ഇന്ന് കോടതിയെ അറിയിക്കും.മെസ്സി കേസില്‍ ആന്റോയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് നല്‍കി ചോദ്യം ചെയ്യാനാണ് നിലവിലെ നടപടിയെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ആന്റോയുടെ സ്ഥാപനത്തില്‍നിന്ന് പിടിച്ചെടുത്ത ഏകദേശം 6,300 യുഎസ് ഡോളർ വിട്ടുനല്‍കണമെന്ന ആവശ്യത്തോട് പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചു. പണത്തിന്റെ ഉറവിടം സംബന്ധിച്ച പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാജമാണെന്ന പരാതിയിലാണ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തത്. രേഖകള്‍ ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതാണ് പരാതിയിലെ ആരോപണം. അതേസമയം, മെസ്സി പരിപാടിയുമായി ബന്ധപ്പെട്ട കേസ് സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന, രേഖകളുടെ കൃത്രിമം തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഇരു കേസുകളിലും ആരോപണങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളവയാണ്.

Leave a Reply

Your email address will not be published. Required fields are marked *