ഹരിപ്പാട് കരുവാറ്റയില്‍ വയോധികനെ കൊന്ന് പണവും സ്വർണവും കവർന്ന കേസില്‍ 13-കാരിയെ ചോദ്യംചെയ്യാനുള്ള പൊലീസ് അപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 26-ലേക്ക് മാറ്റി.പ്രതികളായ മറ്റ് മൂന്ന് ആണ്‍കുട്ടികളെ തെളിവെടുപ്പിന് അയച്ച ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരാഴ്ച കാലതാമസമുണ്ടെന്നും അതുവരെ തെളിവെടുപ്പ് നടത്തരുതെന്നുമുള്ള പ്രതിഭാഗം വാദം ചേർത്തല ജുവനൈല്‍ ജസ്റ്റിസ് ബോർഡ് തള്ളി.പെണ്‍കുട്ടി ചികിത്സയില്‍പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണെന്നത് പരിഗണിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോർഡ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. പെണ്‍കുട്ടിയെ സംരക്ഷിക്കുന്ന കോഴിക്കോട്ടെ സാമൂഹികക്ഷേമ വകുപ്പിൻ്റെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് ചികിത്സാ വിവരം കോടതിക്ക് കൈമാറിയത്.കേരള നിയമ ചരിത്രത്തില്‍ ആദ്യംഅടച്ചിട്ട വീട്ടില്‍ അർധരാത്രി നടത്തിയ ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നത് ഇന്ത്യയുടെ നിയമ ചരിത്രത്തില്‍ തന്നെ അപൂർവവും കേരള നിയമ ചരിത്രത്തില്‍ ആദ്യവുമാണ്.സെപ്റ്റംബർ 8-നാണ് ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് വിധി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 10-ന് കസ്റ്റഡി ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സെപ്റ്റംബർ 15-ന് തള്ളി. പ്രോസിക്യൂഷനായി അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി ഹാജരായി.കൊലപാതകത്തിന് പിന്നില്‍2026 ഓഗസ്റ്റ് 17-നാണ് ആലപ്പുഴ കരുവാറ്റയില്‍ 65-കാരനെ വാടകവീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ച സ്വർണവും പണവും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികൻ്റെ കൊച്ചുമകളായ 13-കാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ കൊല്ലം സ്വദേശികളായ ആണ്‍കുട്ടികളാണ് കൊല നടത്തിയത്. അമിതമായ ഫോണ്‍ ഉപയോഗത്തിൻ്റെ പേരില്‍ വയോധികനും പെണ്‍കുട്ടിയുമായി മുൻപ് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ഫോണ്‍ ഉപയോഗം വിലക്കിയതിന് വൈരാഗ്യം; കരുവാറ്റ വയോധികൻ്റെ കൊലപാതകം, 13-കാരിയായ കൊച്ചുമകളെ ചോദ്യംചെയ്യുന്നത് 26-ലേക്ക് മാറ്റി, വാദം തള്ളി കോടതി
