ന്യൂഡൽഹി ∙ തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തണമെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. മൂന്ന് മാസത്തിനകം സ്കൂളുകൾക്കായി സ്ഥലം കണ്ടെത്താൻ കോടതി തമിഴ്‌നാട് സർക്കാരിനു കർശന നിർദേശം നൽകി. സംസ്ഥാനത്തെ ചിന്താഗതിയിൽ മാറ്റം വരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹിന്ദി ഭാഷയെ തമിഴ്‌നാടിന്റെ മണ്ണിൽ നിന്നും അകറ്റി നിർത്താനാകില്ലെന്ന് ഓർമിപ്പിച്ചു. സഹകരണ ഫെഡറലിസത്തിന്റെ പശ്ചാത്തലത്തിൽ ഭാഷാവിഷയത്തിൽ കേന്ദ്ര സർക്കാരുമായി തമിഴ്‌നാട് ചർച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നവോദയ സ്കൂളുകൾ സ്ഥാപിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്‌നാട്ടിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കുന്നത് വഴി ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനും തമിഴിനേക്കാൾ ഹിന്ദിക്ക് പ്രാധാന്യം നൽകാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. നവോദയ വിദ്യാലയങ്ങൾ തമിഴ്‌നാടിന്റെ നയങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു. കേന്ദ്ര സർക്കാരിന്റെ നയം പൂർണമായി അംഗീകരിക്കില്ലെന്ന് പറയാൻ സംസ്ഥാനത്തിനു കഴിയില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. നവോദയ വിദ്യാലയ നയം നിർബന്ധിതമല്ലെന്നും അതുകൊണ്ട് സർക്കാർ നയം നടപ്പിലാക്കാൻ കോടതികൾക്ക് സംസ്ഥാനത്തെ നിർബന്ധിക്കാനാകില്ലെന്നും തമിഴ്‌നാടിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാൽ ചർച്ചകളിലൂടെയും സഹകരണ ഫെഡറലിസത്തിലൂടെയും പ്രശ്നം പരിഹരിക്കാനാണ് സുപ്രീം കോടതി മുൻഗണന നൽകിയത്.ഇന്ത്യയിൽ ഒരൊറ്റ നവോദയ വിദ്യാലയം പോലുമില്ലാത്ത ഏക സംസ്ഥാനമാണ് തമിഴ്‌നാട്. ഈ സ്കൂളുകളിലൂടെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കപ്പെടുമെന്ന കടുത്ത ആശങ്കയാണ് തമിഴ്‌നാടിന്റെ എതിർപ്പിനു കാരണം. കേസിൽ ഇനി ഡിസംബർ 14ന് അടുത്ത വാദം കേൾക്കും.
‘ഹിന്ദി ഭാഷയെ തമിഴ്‌നാട്ടിൽ നിന്നും അകറ്റി നിർത്താനാകില്ല’; നവോദയ വിദ്യാലയങ്ങൾക്കെതിരായ സർക്കാർ ഹർജി തള്ളി സുപ്രീംകോടതി
