മണിപ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലെ 25 അസ്വാഭാവിക മരണങ്ങൾ; സമഗ്ര റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്ത അസ്വാഭാവിക മരണങ്ങളിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. ലൈംഗികാതിക്രമം നടന്നതായി ആരോപണമുള്ള സംഭവവും ഉൾപ്പെടെയുള്ള മരണങ്ങളുടെ സാഹചര്യങ്ങൾ വിശദീകരിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്. 2023ലെ മണിപ്പൂർ വംശീയ സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകളുടെ അന്വേഷണവും വിചാരണയും സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.മുൻ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ മരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും നഷ്ടപരിഹാര വിഷയവും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.വാർത്തകളിൽ റിപ്പോർട്ട് ചെയ്ത 25 അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, മരണകാരണം വ്യക്തമാക്കുന്ന മറ്റ് രേഖകൾ എന്നിവ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികളും സംസ്ഥാന സർക്കാർ വിശദീകരിക്കണം. ക്യാമ്പുകളിൽ മതിയായ ചികിത്സാ സൗകര്യങ്ങളും ദൈനംദിന ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.എട്ട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 640 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിൽ 20 കേസുകളിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അസ്വാഭാവിക മരണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും കുറഞ്ഞ നഷ്ടപരിഹാരം നൽകിയതും കോടതി ചോദ്യം ചെയ്തു. ചില കേസുകളിൽ 20,000 മുതൽ 30,000 രൂപ വരെ മാത്രമാണ് നഷ്ടപരിഹാരം നൽകിയതെന്ന റിപ്പോർട്ടിലും കോടതി വിശദീകരണം തേടി.എല്ലാ അസ്വാഭാവിക മരണങ്ങളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യുക, മരണകാരണം കൃത്യമായി കണ്ടെത്തുക, ക്യാമ്പുകളിലെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ഇരകളുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കുക, രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം വേഗത്തിലാക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മണിപ്പൂർ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.അതേസമയം, മണിപ്പൂരിലെ 3,020 കേസുകളുടെ അന്വേഷണത്തിനായി എട്ട് ജില്ലകളിലായി 42 പ്രത്യേക അന്വേഷണ സംഘങ്ങൾ (SIT) രൂപീകരിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. 302 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 1,583 കേസുകളിൽ ക്ലോഷർ റിപ്പോർട്ടും നൽകി. 1,135 കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണെന്നും 33 കേസുകളിൽ വിചാരണ ആരംഭിച്ചതായും അറിയിച്ചു.സിബിഐ അന്വേഷിക്കുന്ന 31 കേസുകളിൽ 28 എണ്ണത്തിൽ കുറ്റപത്രവും ആറ് കേസുകളിൽ ക്ലോഷർ റിപ്പോർട്ടും സമർപ്പിച്ചതായി കോടതിയെ അറിയിച്ചു. മൂന്ന് കേസുകൾ അന്വേഷണത്തിലാണ്. കുറ്റപത്രം സമർപ്പിച്ച കേസുകളിലെല്ലാം നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി.സിബിഐ കേസുകളിൽ 978 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഇതുവരെ ആറ് പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. കേസുകളുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.വിചാരണ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. ഗുവാഹത്തി പ്രത്യേക കോടതിയിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കേസുകൾ പരിഗണിക്കുന്നതെന്ന് ഇരകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ അറിയിച്ചു. ആഴ്ചയിൽ രണ്ടുതവണയെങ്കിലും കേസ് പരിഗണിക്കുന്നത് വിചാരണ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സിബിഐ കേസുകൾ പരിഗണിക്കാൻ രണ്ട് കോടതികൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.എൻഐഎ കേസുകൾ പരിഗണിക്കാൻ രണ്ട് കോടതികൾ വേണമെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ആവശ്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും അഡീഷണൽ സോളിസിറ്റർ ജനറലിനോട് സുപ്രീംകോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *