ബെംഗളൂരു സ്ഫോടനക്കേസ്; വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. 16 വർഷം നീണ്ട നിയമനടപടികൾക്കൊടുവിൽ വിധി പറയാനിരിക്കെയാണ് കോടതി മാറ്റിയത്.കഴിഞ്ഞ മൂന്ന് വർഷമായി നടത്തിവന്ന അന്തിമവാദം മാറ്റം കാരണം വീണ്ടും ആവർത്തിക്കേണ്ടി വരുമെന്ന് മദനി ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് നീണ്ടുപോകുന്നത് ഒഴിവാക്കാൻ, ഇതേ കേസിലെ കൂട്ടുപ്രതിക്ക് ഒരു വർഷത്തിനകം വാദം പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ നൽകിയ നിർദേശം തനിക്കും ബാധകമാക്കണമെന്ന് മദനി ആവശ്യപ്പെടുകയായിരുന്നു. മദനിയുടെ അപേക്ഷ അംഗീകരിച്ച കോടതി, വിചാരണ നടപടികൾ ഇനി നീട്ടരുതെന്നും ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വ്യക്തമാക്കുകയായിരുന്നു. കേസിൽ മദനിക്കായി അഭിഭാഷകരായ ഹാരീസ് ബീരാൻ, അസർ അസീസ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *