ലഖ്നൗ: കൊവിഡ് 19 മാഹാമാരി വരെ അവസാനിച്ചിട്ടും കസ്റ്റഡി മരണമെന്ന മഹാവിപത്ത് അവസാനിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗോണ്ട സ്വദേശിയായ വ്യക്തിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ രണ്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ കരണ്‍ സിംഗ് യാദവ്, കോണ്‍സ്റ്റബിള്‍ അമിത് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച രണ്ട് ക്രിമിനല്‍ അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് മനീഷ് മാത്തൂര്‍ ഈ നിരീക്ഷണം നടത്തിയത്.ഗോണ്ടയിലെ സ്പെഷ്യല്‍ ജഡ്ജി (എസ്‌സി/എസ്ടി ആക്ട്) പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ട് ഓഗസ്റ്റ് 4-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഇരുവരും കോടതിയെ സമീപിച്ചിരുന്നത്. ഗോണ്ടയിലെ കിങ്കി ഗ്രാമവാസിയായ സഞ്ജയ് കുമാര്‍ സോങ്കാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. ‘കൊവിഡ്-19 മഹാമാരിയുടെ കാലം കഴിഞ്ഞിട്ടും, കസ്റ്റഡി മരണമെന്ന വിപത്ത് കുറയുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്ന്’ ബെഞ്ച് നിരീക്ഷിച്ചു. ‘കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസുകളില്‍, തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ ഖണ്ഡിക്കാനുള്ള ബാധ്യത സാധാരണയായി പൊലീസുകാരുടെ മേലാണ് നിക്ഷിപ്തമാകേണ്ടത്. അതുകൊണ്ട്, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ട ബാധ്യത അപ്പീല്‍കാര്‍ക്കാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരമൊരു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞതായി കാണുന്നില്ല,’ എന്ന് ജഡ്ജി പറഞ്ഞു.2025 സെപ്റ്റംബര്‍ 28-ന് ഗോണ്ടയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനില്‍ നിന്ന് മോട്ടിഗഞ്ച് റെയില്‍വേ സ്റ്റേഷന്‍ പരിധിയിലെ ബറുവചാക്കിന് സമീപം വെച്ച് കടുക് എണ്ണയുടെ ആറ് ടിന്നുകള്‍ മോഷണം പോയിരുന്നു. ഈ മോഷണത്തെക്കുറിച്ച് ആര്‍പിഎഫ് അന്വേഷണം നടത്തുന്നതിനിടെയാണ് സോങ്കാറിന്റെ പേര് ഉയര്‍ന്നുവന്നതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. 2025 നവംബര്‍ 4-ന് ചോദ്യം ചെയ്യാനായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സോങ്കാറിനെ കൊണ്ടുപോയതായി എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ അന്വേഷണത്തിനായി വൈകുന്നേരം 4.30-ഓടെ അദ്ദേഹത്തെ ഗ്രാമത്തിലെത്തിക്കുകയും പിന്നീട് വീണ്ടും കൊണ്ടുപോവുകയും ചെയ്തു. അടുത്ത ദിവസം രാവിലെ, സോങ്കാറിന്റെ മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരന് അവിവരം ലഭിക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ സോങ്കാറിന് മര്‍ദ്ദനമേല്‍ക്കുകയും അത് മരണത്തിന് കാരണമാവുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.അപ്പീല്‍ നല്‍കിയ രണ്ട് പ്രതികളും ആരോപണങ്ങള്‍ നിഷേധിക്കുകയും, തങ്ങളെ കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന് അവകാശപ്പെടുകയും ചെയ്തു. സോങ്കാറിന്റെ തുടയുടെ മുകള്‍ഭാഗത്ത് ചതവുകളും പോറലുകളും, ഇരുമുട്ടുകളിലും പോറലുകളും ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാല്‍ ഈ പരിക്കുകള്‍ മരണകാരണമാകുന്നത്ര ഗുരുതരമല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടിയും, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയുമാണ് സര്‍ക്കാര്‍ ഈ ഹര്‍ജികളെ എതിര്‍ത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആരോപണങ്ങളെ സാധൂകരിക്കുന്നതാണോ അതോ എതിര്‍ക്കുന്നതാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയൂ എന്നാണ് അപ്പീലുകള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്.
‘കൊവിഡ് മഹാമാരി വരെ അവസാനിച്ചു, കസ്റ്റഡി മരണമെന്ന പ്ലേഗ് തുടരുന്നു’; അലഹബാദ് ഹൈക്കോടതി
