ട്രംപിന് സുപ്രീം കോടതിയുടെ ഇരുട്ടടി; പോസ്റ്റൽ വോട്ടുകളിൽ നിയന്ത്രണമില്ല

വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി. വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചിരിക്കെ അവസാന നിമിഷം നൽകിയ ഹർജി കോടതി തള്ളി. ഇതോടെ വർഷങ്ങളായി തുടരുന്ന അതേ രീതിയിൽ തന്നെ സംസ്ഥാനങ്ങൾക്ക് പോസ്റ്റൽ വോട്ടുകൾ അയക്കാൻ സാധിക്കും.അമേരിക്കൻ തെരഞ്ഞെടുപ്പുകളിലെ ആകെ വോട്ടുകളുടെ മൂന്നിലൊന്നും പോസ്റ്റൽ വോട്ടുകളാണ്. പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്നും അതിനാൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും ട്രംപ് നിരന്തരം വാദിച്ചിരുന്നു. എന്നാൽ ഇതിന് യാതൊരു തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇത് ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നിയന്ത്രണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചത്.അടിയന്തര ഹർജികളിൽ സാധാരണയായി ചെയ്യാറുള്ളത് പോലെ സുപ്രീം കോടതി ഭൂരിപക്ഷ വിധിക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നാൽ ജഡ്ജിമാരായ സാമുവൽ അലിറ്റോ, ക്ലാരൻസ് തോമസ് എന്നിവർ ഈ ഉത്തരവിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. തപാൽ സംവിധാനങ്ങളെ നിയന്ത്രിക്കാൻ പോസ്റ്റൽ സർവീസിന് വിശാലമായ അധികാരമുണ്ടെന്നും ട്രംപിൻ്റെ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അവർക്ക് കഴിയുമെന്നുമാണ് സാമുവൽ അലിറ്റോ തൻ്റെ വിയോജനക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബ്രെറ്റ് കവനോയും സമ്മതിച്ചു. എന്നാൽ ഭാവിയിൽ ഈ വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ വന്നാൽ ട്രംപ് ഭരണകൂടത്തിന് അനുകൂലമായി താൻ വിധിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *